തലശേരി: വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ സിപിഎം നേതാവ് സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിനു പിന്നിൽ തലശേരിയിലെ ഉന്നത ജനപ്രതിനിധിയാണെന്നു വീണ്ടും മൊഴി. അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ സിഐ വിശ്വഭരൻ നായർക്കു നൽകിയ മൊഴിയിലാണ് സി.ഒ.ടി. നസീർ ഇക്കാര്യം ആവർത്തിച്ചുറപ്പിച്ചു പറഞ്ഞത്.
തന്നെ വധിക്കാൻ ശ്രമിച്ച ജനപ്രതിനിധിയുടെ പേരും സാഹചര്യങ്ങളും നസീര്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ സാഹര്യത്തില്‍ മൊഴിയില്‍ പറഞ്ഞിട്ടുള്ള ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ കോളുകളുടെ ലിസ്റ്റ് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ജനപ്രതിനിധിയുടെ കോള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് ജില്ലാ പോലീസ് ചീഫ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അന്വേഷണസംഘം ആശയ വിനിമയം നടത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴിനാണ് സിഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗുഡ്സ്ഷെഡ് റോഡിലെ നസീറിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ സമയം ചെലവഴിച്ചാണ് വിശദമായ മൊഴി എടുത്തത്. ജനപ്രതിനിധിയുടെ പേര് ആദ്യ മൊഴികളില്‍ തന്നെ പറഞ്ഞിരുന്നതായി നസീര്‍ വ്യക്തമാക്കിയെങ്കിലും അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ സ്ഥിരീകരിച്ചിരുന്നില്ല.
മാത്രവുമല്ല ജനപ്രതിനിധിയുടെ പേര് പറഞ്ഞ ശേഷം കേസന്വേഷണം നിലച്ചുവെന്ന നസീറിന്റെ ആരോപണം കൂടി വന്നതോടെയാണ് ഇന്നലെ പോലീസ് സംഘം നസീറില്‍ നിന്നും വീണ്ടും മൊഴിയെടുത്തത്. സംഭവത്തിനു പിന്നില്‍ ജനപ്രതിനിധി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നസീര്‍ മൊഴി നല്കിയ സാഹചര്യത്തില്‍ ഗൂഢാലോചന സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും വ്യക്തമായ തെളിവു ലഭിച്ചാല്‍ എത്ര ഉന്നതനായാലും നടപടി സ്വീകരിക്കുമെന്നും തലശേരി എഎസ്പി ഡോ.അരവിന്ദ് സുകുമാര്‍ രാഷ്ട്ര ദീപികയോട് പറഞ്ഞു.
സംഭവത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞു. കേരളത്തിനു പുറത്ത് നിന്നുള്ള മുതിര്‍ന്ന അഭിഭാഷകരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. പെരുന്നാള്‍ കഴിഞ്ഞാല്‍ ഉടന്‍ നടപടിയിലേക്ക് നീങ്ങും. വധശ്രമത്തിനു പിന്നിലെ കരങ്ങളെ കുറിച്ച് വിശദമായ മൊഴി സിഐക്ക് വീണ്ടും നല്‍കിയിട്ടുണ്ടെന്നും നസീര്‍ വ്യക്തമാക്കി.