കൊച്ചി: കൂത്താട്ടുകുളം ഇലഞ്ഞിയില്‍ വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് നിര്‍മിച്ച കേസിലെ മുഖ്യസൂത്രധാരനെ റിമാന്‍ഡ് ചെയ്തു. കല്പറ്റ മുട്ടില്‍ കള്ളംപെട്ടി സനീറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സനീര്‍ ഒഴികെയുള്ള ഒമ്പത് പ്രതികളെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചു മാസമായി കേരളത്തിനകത്തും പുറത്തും ഒളിവില്‍ കഴിഞ്ഞിരുന്ന സനീറിനെ കൊല്ലം പുത്തൂരില്‍നിന്നാണ് പിടികൂടിയത്.
കൂത്താട്ടുകളം ഇലഞ്ഞിയില്‍ വീട് വാടകയ്ക്കെടുത്ത് ഇയാളുടെ നേതൃത്വത്തില്‍ 500 രൂപയുടെ കള്ളനോട്ട് നിര്‍മിച്ച് വരുന്നതിനിടയില്‍ കഴിഞ്ഞ ജൂലൈയിലാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് റെയ്ഡ് നടത്തി കള്ളനോട്ട് പിടിച്ചെടുത്ത് കൂത്താട്ടുകുളം പോലീസിനെ ഏല്‍പ്പിച്ചത്.
പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.എറണാകുളം ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് എം.പി. മോഹനനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്‍.സി. രാജ്മോഹന്റെ നേത്വത്തില്‍ സിഐ ആര്. ജോസ്, എസ്ഐമാരായ പി.എല്‍. ബിനുലാല്‍, കെ.എസ്. രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.