കോഴിക്കോട്: ബിജെപിയുടെ പൗരത്വ ബിൽ അനുകൂല കാന്പയ്നിൽ പങ്കെടുത്ത എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായിയെ സമസ്തയിൽനിന്നു സസ്പെൻഡ് ചെയ്തു. സമസ്ത അധ്യക്ഷൻ സയിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ശാസനയ്ക്കു പിന്നാലെയാണു നടപടി.
ഞായറാഴ്ചയാണു നാസർ ഫൈസി പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു വീട്ടിലെത്തിയ ബിജെപി നേതാക്കളെ സ്വീകരിച്ച് ലഘുലേഖ വാങ്ങിയത്. ഇതു സംഘടനയ്ക്കുള്ളിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. കൂടത്തായിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ജിഫ്രി തങ്ങളുടെ ഇടപെടലുണ്ടായത്.
അതിനിടെ, സംഭവത്തിൽ ഫേസ്ബുക്കിലൂടെ മാപ്പു ചോദിച്ച് നാസർ ഫൈസി രംഗത്തെത്തി. നാട്ടുകാരായ ബിജെപി നേതാക്കളും മറ്റുള്ളവരുമാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ വീട്ടിൽ വന്നതെന്നും അവരോടു തന്റെ നിലപാട് കൃത്യമായി പറയുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നെന്നും നാസർ ഫൈസി ഫേസ്ബുക്കിൽ കുറിച്ചു.