തൃശൂർ: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ അജ്മാനിൽ കേസുകൊടുത്ത തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെയോടെയാണ് നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പോലീസ് എത്തിയത്. മതിലകം പോലീസാണ് പരിശോധന നടത്തിയത്.
പത്ത് വർഷം മുമ്പ് നടന്ന കേസിൽ ഇപ്പോൾ നടപടിയുണ്ടായതിൽ ഗൂഡാലോചന ഉണ്ടോയെന്നതു സംബന്ധിച്ചാണ് അന്വേഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. രാവിലെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് നാസിലിനെ സംബന്ധിച്ച് ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ജോലി, എന്നാണ് നാട്ടിൽവരിക തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചറിഞ്ഞതെന്നും വീട്ടുകാർ പറഞ്ഞു.