അന്തരിച്ച സത്താറിന്റെ ഭാര്യ നടി ജയഭാരതി മാത്രമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുവെന്ന് രണ്ടാം ഭാര്യ നസിം ബീന. സത്താറിന്റെ മൃതദേഹത്തിന് അരികില്‍ നില്ക്കാന് പോലും ബന്ധുക്കള്‍ അനുവദിച്ചില്ല. ജയഭാര്യയുടെയും മകന് കൃഷിന്റെയും നടുവിലാണ് ഞാന്‍ നിന്നത്. എന്നാല്‍ മാധ്യമങ്ങള്‍ എത്തിയപ്പോള്‍ ബന്ധുക്കളില്‍ ചിലര്‍ തന്നെ പിന്നിലേക്ക് തള്ളി മാറ്റുകയും നിര്‍ബന്ധിച്ച് മുറിയില്‍ ഇരുത്തുകയും ചെയ്തെന്ന് നസീം ബീന പറയുന്നു.
30 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ജയഭാരതിയുമായുള്ള വിവാഹ ബന്ധം സത്താര്‍ വേര്‍പ്പെടുത്തിയത്. പിന്നീടാണ് നസീം ബീനയെ വിവാഹം ചെയ്തത്. താന്‍ സത്താറിനെ വിവാഹം കഴിച്ചത് പണമോ പദവിയോ മോഹിച്ചല്ല. സിനിമയോ സീരിയലോ ഇല്ലാതെ സ്വന്തം സഹോദരന്റെ വീട്ടില്‍ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോഴാണ് താന്‍ സത്താറിനെ വിവാഹം കഴിച്ചത്. അവിടെ നിന്ന് കൊടുങ്ങല്ലൂരെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ജനിച്ചുവളര്‍ന്ന വീട്ടില്‍ 2500 രൂപ വാടകയ്ക്ക് കഴിയേണ്ടിവന്നയാളാണ് താനെന്ന് സത്താര്‍ ഇടക്കിടെ പറയാറുണ്ടായിരുന്നു.
താര സംഘടനയായ അമ്മയുടെ നാലായിരം രൂപയും ഒരു ജ്യേഷ്ഠന് തന്റെ ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശയായി നല്കുന്ന നാലായിരം രൂപയും ചേര്‍ത്ത് എട്ടായിരം രൂപ മാത്രം വരുമാനമുള്ളപ്പോഴാണ് അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. ജയഭാരതിയും മകനും സത്താര്‍ അവശനിലയിലായപ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും നസീം ബീന ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആരോപിച്ചു.
മകന് പണം തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് സത്താര്‍ കരള്‍ മാറ്റിവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നത്. ജോലിയില്ലാതിരുന്നതിനാല്‍ പ്രത്യേകിച്ച് വരുമാനമൊന്നുമില്ലായിരുന്നു. ഈ ഏഴ് വര്‍ഷവും സത്താറിനെ നോക്കിയത് താന്‍ മാത്രമാണെന്നും നസീം ബീന പറഞ്ഞു. 2011ലാണ് നസീം ബീനയെ സത്താര്‍ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ദിവസം ജയഭാരതിയ്ക്കും മകനുമെതിരേ ആരോപണം ഉന്നയിച്ച് നസിം ബീനയുടെ സഹോദരനും രംഗത്തെത്തിയിരുന്നു.