ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് നസ്രിയ നസീം. യുവതാരം ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമായിൽ നിന്നും നസ്രിയ വിട്ടു നിന്നപ്പോൾ എന്നായിരിക്കും ഒരു തിരിച്ചു വരവ് എന്ന് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ.
ഇപ്പോഴിതാ കാത്തിരിപ്പിനു വിരാമമായതായാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പേര് ഇട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, അഞ്ജലി മേനോന്റെ മഞ്ചാടിക്കുരുവിൽ പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയിരുന്നു. ബാംഗ്ലൂർ ഡേയ്സാണ് അഞ്ജലിയും നസ്രിയയും ഒന്നിച്ച ചിത്രം.
ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 18ന് ആരംഭിക്കും. ഉൗട്ടി, ദുബായ് എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. സൗബിൻ ഷഹീർ സംവിധാനം ചെയ്ത പറവയുടെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയംപ് പോൾ ആണ് ഇവിടെയും കാമറ ചലിപ്പിക്കുന്നത്. എം. ജയചന്ദ്രൻ, രാധു ദിക്ഷിത് എന്നിവരാണ് സംഗീത സംവിധാനം. ലിറ്റിൽ ഫിലിംസ് ഇന്ത്യ, രജപുത്ര ഇന്റർനാഷണൽ എന്നീ ബാനറുകൾക്കു വേണ്ടി അഞ്ജലി മേനോൻ, രജപുത്രാ രഞ്ജിത്ത് എന്നിവരാണ് സിനിമ നിർമിക്കുന്നത്.