കൊച്ചി: കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുയിടങ്ങളില്‍നിന്ന് വിട്ടുനില്ക്കുന്നതില് വിശദീകരണവുമായി നടി നസ്രിയ നസിം. കുറച്ചുമാസങ്ങളായി തനിക്ക് വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്നാണ് നസ്രിയ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
തന്റെ അസാന്നിധ്യംമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയയുടെ പോസ്റ്റ്. മാസങ്ങളായി ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് ഒഴിഞ്ഞു നിന്ന നടി നസ്രിയ നസീം മൗനം വെടിഞ്ഞു രംഗത്തെത്തി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ തനിക്ക് മാസങ്ങളായി മാനസികമായി അത്ര സുഖമില്ലെന്നും, വ്യക്തിപരമായ ചില വെല്ലുവിളികള്‍ മൂലമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നിന്നതെന്നും നസ്രിയ നസിം പറയുന്നു.
‘എന്റെ 30-ാം പിറന്നാളും പുതുവര്‍ഷവും, സൂക്ഷ്മദര്‍ശിനിയുടെ വിജയവുമെല്ലാം ഞാന്‍ ആഘോഷിക്കാന്‍ വിട്ടുപോയി, കാര്യങ്ങള്‍ വിശദീകരിക്കാത്തതിനും കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി നല്‍കാത്തതിലും ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ പൂര്‍ണമായും അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. ഇതിനൊപ്പം, എനിക്ക് കേരള ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച സന്തോഷകരമായ വാര്‍ത്തയും അറിയിച്ചുകൊള്ളുന്നു.
പ്രയാസമേറിയ യാത്രയായിരുന്നുവെങ്കിലും ഇത് എല്ലാം സുഖപ്പെടാന്‍ താന്‍ നിരന്തരമായി ശ്രമിക്കുന്നുണ്ട് എന്നും തിരിച്ചുവരാന്‍ തനിക്ക് അല്പം സമയമാവശ്യമാണെങ്കിലും എല്ലാം ഭേദമാകുന്നതിലേയ്ക്കുള്ള പാതയിലാണ് താന്‍ എന്നും കുറിച്ചുകൊണ്ടാണ് നസ്രിയ തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയ ‘സൂക്ഷമദര്‍ശിനി’ ആണ് നസ്രിയയുടെ അവസാനചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം സജീവമായി ഉണ്ടായിരുന്നു.