പയ്യന്നൂര്‍: മകന് മുസ്ലിം പെൺകുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ കലാകാരന് പൂരക്കളി കളിക്കാനുള്ള അവകാശം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു.
പൂരക്കളി അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ വിനോദ് പണിക്കരെയാണ് ക്ഷേത്രക്കമ്മിറ്റി വിലക്കിയത്.
കുനിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളിയിൽനിന്നാണ് വിനോദ് പണിക്കരെ ഒഴിവാക്കിയത്.
മരുമകളെ മാറ്റി താമസിപ്പിക്കുകയോ വിനോദ് താമസം മാറുകയോ ചെയ്യണമെന്നായിരുന്നു ക്ഷേത്ര ഭരണ സമിതിയുടെ നിർദേശം.
എന്നാൽ ഇതിനു തയാറാവാതെ വന്നതോടെ ക്ഷേത്ര ഭാരവാഹികൾ വിനോദിനെ നേരത്തെ നിശ്ചയിച്ച പണിക്കര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കുകയായിരുന്നു. പകരം മറ്റൊരു കലാകാരനെ നിയോഗിച്ചു.
പ്രദേശത്തെ ക്ഷേത്രങ്ങളിൽ പൂരോത്സവത്തിനായി നാലും അഞ്ചും വർഷം മുൻപേ സമുദായക്കാർ പണിക്കന്മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്.
ഇതനുസരിച്ച് കരിവെള്ളൂർ സോമേശ്വരി ക്ഷേത്രത്തിലും കുനിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂര കളിക്കും മറത്ത് കളിക്കും നിശ്ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു.
ഇതിന് ശേഷമാണ് വിനോദിന്റെ മകൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇതോടെയാണ് പണിക്കർക്ക് ക്ഷേത്ര ഭാരവാഹികൾ വിലക്ക് ഏർപ്പെടുത്തിയത്.
ഇതരമതത്തിൽപെട്ട പെൺകുട്ടി താമസിക്കുന്ന വീട്ടിൽ നിന്നും ചടങ്ങുകൾക്കായി വിനോദിനെ കൂട്ടി പോകാൻ കഴിയില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ നിലപാട്.