മുംബൈ: ധനകാര്യമേഖലയിൽ ആശ്വാസത്തിന്റെ ഉണർവ്. ഓഹരികളും രൂപയും കയറി. ഓഹരികൾക്കു നല്ല ഉയർച്ചയുണ്ടായപ്പോൾ രൂപ ചെറിയ നേട്ടമേ കുറിച്ചുള്ളൂ. ഡോളറിന് 19 പൈസ കുറഞ്ഞു.
ബാങ്കിതര ധനകാര്യ കന്പനികളിൽ (എൽബിഎഫ്സി) നിന്ന് വൻതോതിൽ കടങ്ങൾ വാങ്ങാൻ ബാങ്കുകൾ തയാറാണെന്ന പ്രഖ്യാപനമാണ് ഓഹരിവിപണിയെ സഹായിച്ചത്. ഇത്തരം വായ്പകൾ വാങ്ങാൻ 15,000 കോടി രൂപ നീക്കിവച്ചിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അത് 45,000 കോടി രൂപയാക്കുമെന്ന് അറിയിച്ചു.
ബാധ്യതകൾ തമ്മിൽ പൊരുത്തമില്ലാത്ത നിലയിലാണ് പല ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും. ഹ്രസ്വകാലവായ്പ എടുത്തു ദീർഘമായ ആസ്തികളിൽ നിക്ഷേപിക്കുകയാണ് പല സ്ഥാപനങ്ങളും ചെയ്തത്. മ്യൂച്വൽഫണ്ടുകളിലും മറ്റും നിന്ന് ഹ്രസ്വകാല വായ്പ എടുത്ത സ്ഥാപനങ്ങൾക്ക് ആ വായ്പ കാലാവധിയെത്തുന്പോൾ തിരിച്ചടയ്ക്കാൻ പറ്റാതെവരുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ പൊതുമേഖലാ ബാങ്കുകളെ രംഗത്തിറക്കിയിരിക്കുകയാണു കേന്ദ്രസർക്കാർ.
ബാങ്കിതര ധനകാര്യ കന്പനികളിൽനിന്ന് “”നല്ല വായ്പകൾ” വാങ്ങുമെന്നാണ് എസ്ബിഐ മാനേജിംഗ് ഡയറക്ടർ പി.കെ.ഗുപ്ത പറഞ്ഞത്. എളുപ്പം വളരാനുള്ള വ്യഗ്രതയിലാണ് ധനകാര്യസ്ഥാപനങ്ങൾ ഹ്രസ്വകാല ബാധ്യത ഉപയോഗിച്ചു ദീർഘകാല വായ്പ നല്കിയത്.എസ്ബിഐയും മറ്റും വായ്പകൾ ഏറ്റെടുക്കുന്നതുകൊണ്ടു മാത്രം പ്രശ്നം തീരാനിടയില്ല. സ്ഥാപനങ്ങൾ കൊടുത്ത വായ്പകൾ പലതും വേണ്ട തിരിച്ചടവുശേഷി ഉറപ്പുവരുത്തിയിട്ടു നല്കിയതല്ല. ഇത്തരം വായ്പകൾ വാങ്ങിക്കൂട്ടുന്നതു ബാങ്കുകൾക്കു പിന്നീട് പ്രശ്നമാകാം.
ഇന്നലെ സെൻസെക്സ് 461.42 പോയിന്റ് (1.35 ശതമാനം) കയറി 34,760.89ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 1.54 ശതമാനം (159.05 പോയിന്റ്) നേട്ടത്തിൽ 10,460.1ൽ ക്ലോസ് ചെയ്തു.ആക്സിസ് ബാങ്ക് 6.62 ശതമാനവും എസ്ബിഐ 5.88 ശതമാനവും മാരുതി സുസുകി 4.77 ശതമാനവും കയറി. റിയൽറ്റി സൂചിക 4.44 ശതമാനവും ബാങ്ക് സൂചിക 3.53 ശതമാനവും ഗൃഹോപകരണമേഖല 3.77 ശതമാനവും കയറി. ഐടി കന്പനികൾക്കു ക്ഷീണമായിരുന്നു.
ഡോളർ തലേന്നത്തെ 74.39 രൂപയിൽനിന്ന് 74.2 രൂപയിലേക്ക് താണു. എങ്കിലും വിദേശത്ത് ഡോളറും ക്രൂഡ് വിലയും കയറുന്നത് ഡോളർ കുറേക്കൂടി ഉയരുമെന്ന ആശങ്ക നിലനിർത്തുന്നു.