തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ക്ക് നേരെ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെ സ്ത്രീകളുടെ കരി ഓയില്‍ പ്രതിഷേധവും മര്‍ദനവും. യൂ ട്യൂബര്‍ ഡോ. വിജയ് പി. നായര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഭാഗ്യലക്ഷ്മിക്കൊപ്പം ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്ക് നേരെ അശ്ലീല അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
തിരുവനന്തപുരം വെള്ളായണി സ്വദേശിയാണ് വിജയ് പി. നായര്‍. ഇയാൾ താമസിക്കുന്ന ലോഡ്ജിലെത്തിയാണ് സ്ത്രീകൾ പ്രതിഷേധിച്ചത്. വിജയ് പി.നായരുടെ ലാപ്ടോപും മൊബൈല്‍ ഫോണും സ്ത്രീകള്‍ പിടിച്ചെടുത്തു.
സ്ത്രീകളെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞെന്നും ആക്രമണത്തില്‍ പരാതിയില്ലെന്നും വിജയ് പി.നായര്‍ പറഞ്ഞു.
സൈക്കോളജിയില്‍ ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായര്‍ യൂ ട്യൂബ് ചാനലിലൂടെയാണ് സ്ത്രീകളെ അധിക്ഷേപിച്ചത്. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാചര്യത്തിലാണ് പ്രതിഷേധിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.