കൊച്ചി: കേരള കോണ്‍ഗ്രസ്ബി-യുമായി സഹകരിക്കാനുള്ള എൻസിപിയുടെ നീക്കത്തിനെതിരെ പാർട്ടിയിൽ ഭിന്നത. എ.കെ. ശശീന്ദ്രൻ, തോമസ് ചാണ്ടി വിഭാഗമാണ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിക്കുന്നതിനെ അനുകൂലിച്ച് രംഗത്ത് എത്തിയതോടെയാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായത്.
ലയനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ളയുമായി എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ ചർച്ച നടത്തിയതായണ് വിവരം. ഇതിനു പിന്നാലെയാണ് എതിർപ്പുമായി എൻസിപിയിലെ ഒരു വിഭാഗം നേതാക്കൻമാർ രംഗത്തെത്തിയത്.
പാർട്ടിയിലെ ഒരു വിഭാഗം നടത്തിയ നീക്കം ചർച്ച ചെയ്യണമെന്ന് എൻസിപി സംസ്ഥാന ട്രഷറർ മാണി സി. കാപ്പൻ ആവശ്യപ്പെട്ടു. ഇന്ന് കൊച്ചിയിൽ നടക്കുന്ന എൻസിപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലെ മുഖ്യ അജണ്ട ഇതാകുമെന്നും കാപ്പൻ പറഞ്ഞു.
ശശീന്ദ്രന്റേയും തോമസ് ചാണ്ടിയുടെയും കേസുകൾ തീർപ്പാക്കാത്തതു മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിനു തടസമാകുമെന്ന വിലയിരുത്തലാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് കാരണമായിരിക്കുന്നത്.
ഫോണ്‍കെണി കേസിൽ മന്ത്രിസ്ഥാനം രാജിവച്ച എ.കെ. ശശീന്ദ്രന് ജുഡീഷൽ അന്വേഷണ കമ്മീഷൻ അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും ഹൈക്കോടതിയിലെ കേസ് തീർപ്പായിട്ടില്ല. ഭൂമി കൈയേറ്റ ആരോപണത്തിൽ രാജിവച്ച തോമസ് ചാണ്ടിയുടെ കേസും കോടതിയുടെ പരിഗണനയിലാണ്.