ഗാന്ധിനഗർ: ഗുണ്ടാസംഘം കൊലപ്പെടുത്തിയ മൃതദേഹത്തോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് അധികൃതർ.
കോട്ടയം കീഴുക്കുന്ന് ഉറുന്പേത്ത് ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പോലീസ് ഇൻക്വസ്റ്റിനു ശേഷം വൈകുന്നേരത്തോടെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചു.
നടപടി ക്രമങ്ങൾക്കു ശേഷം ഇന്നലെ ഉച്ചയോടുകൂടി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ആംബുലൻസിൽ കയറ്റിയപ്പോൾ മൃതദേഹത്തിന്റെ പിൻഭാഗം തുന്നിച്ചേർത്തില്ലെന്നും പൂർണ നഗ്നനായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞിരുന്നു എന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞതായി വൈകുന്നേരത്തോടെ ഓണ്‍ലൈൻ ചാനലുകളിൽ വാർത്ത പരന്നിരുന്നു.
എന്നാൽ മൃതശരീരത്തിൽ നിരവധി ചതവുകൾ ഉണ്ടായിരുന്നെന്നും അതു തുന്നിചേർക്കാൻ കഴിയാത്ത വിധമാണെന്നും ബന്ധുക്കളെ ഫോറൻസിക് വിഭാഗം അറിയിച്ചിരുന്നു.
ബന്ധുക്കൾ വാങ്ങിത്തന്ന മൂന്നു മുണ്ടുകളിൽ ഒരു വെള്ളമുണ്ട് ഉടുപ്പിക്കുകയും ഒരെണ്ണം തലയിൽ പൊതിയുകയും മൂന്നാമത്തേത് ശരീരത്തിൽ പുതപ്പിക്കുകയുമായിരുന്നു. ഇത് ബന്ധുക്കൾക്ക് അറിയാം.
ആംബുലൻസ് ഡ്രൈവർ പരാതി പറഞ്ഞത് ഇതിനെക്കുറിച്ച് അറിയാത്തതിനാലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രിയെയും പോസ്റ്റ്മോർട്ടം നടത്തിയവരെയും അപമാനിക്കുന്ന സമീപനമാണ് ആംബുലൻസ് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് വളരെ നിർഭാഗ്യകരമായിപ്പോയെന്നും ഫോറൻസിക് വിഭാഗം അറിയിച്ചു.