മൂവാറ്റുപുഴ: ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോൾ പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉൾപ്പെടെ വീട്ടിൽനിന്നിറക്കി വിട്ട് മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ ജപ്തി നടപടി.
ഇടതുമുന്നണിയുടെ നിയന്ത്രണത്തിലുള്ള ബാങ്കിന്റെ ക്രൂരമായ നടപടിയിൽ പ്രതിഷേധിച്ച് മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ജനപ്രതിനിധികൾ വീട് പൂട്ടിയിരുന്ന താഴ് തകർത്ത് കുട്ടികളെ വീട്ടിൽ തിരികെ പ്രവേശിപ്പിച്ചു.
പേഴയ്ക്കാപ്പിള്ളി വലിയപറമ്പിൽ അജേഷ്-മഞ്ജു ദന്പതികളുടെ നാലു കുട്ടികളെയാണ് മൂവാറ്റുപുഴ അർബൻ ബാങ്കിൽനിന്നെടുത്ത വായ്പയുടെ കുടിശിക തിരിച്ചുപിടിക്കുന്നതിനുള്ള ജപ്തി നടപടികളുടെ ഭാഗമായി വീട് സീൽ ചെയ്ത് ഇറക്കിവിട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.
അജേഷ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ മഞ്ജുവും അജേഷിനൊപ്പം ആശുപത്രിയിലായിരുന്നു.
ഇവർ വീട്ടിൽ തിരിച്ചെത്തിയശേഷമേ കുട്ടികളെ ഇറക്കിവിടാവൂ എന്ന് അയൽവാസികളും സ്ഥലത്തെത്തിയ പഞ്ചായത്തംഗങ്ങളും ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ പിന്മാറിയില്ല.
പഞ്ചായത്ത് നൽകിയ നാല് സെന്റ് സ്ഥലത്ത് നിർമിച്ച വീടിനെതിരെയാണ് അർബൻ ബാങ്കിന്റെ ജപ്തി ഉണ്ടായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ എംഎൽഎ, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ്മാത്യൂസ് വർക്കി എന്നിവർ ചേർന്ന് വീട് പൂട്ടിയിട്ടിരുന്ന താഴ് തകർത്ത് കുട്ടികളെ തിരികെ അകത്ത് പ്രവേശിപ്പിച്ചു.
നിസഹായരായ കുട്ടികളെ വീട്ടിൽനിന്നു പുറത്തിറക്കി വിട്ട് ജപ്തി നടത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോലീസും സർക്കാരും തയാറാകണമെന്നു മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
അർബൻ ബാങ്കിൽനിന്ന് ഏഴ് വർഷം മുൻപെടുത്ത ഒരു ലക്ഷം രൂപ വായ്പയുടെ തിരിച്ചടവാണ് മുടങ്ങിയത്. നാലുതവണ ഹൃദയാഘാതം വന്ന അജേഷ് വായ്പ തിരിച്ചടയ്ക്കാനാവാത്ത സ്ഥിതിയിലാണ്.
ഒരു ലക്ഷം രൂപയിൽ പലിശയും മറ്റുമായി 70,000 രൂപയോളം പലപ്പോഴായി അടച്ചുവെന്ന് അജേഷ് പറയുന്നു.
പത്താം ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടിയും ഏഴിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും അഞ്ചിൽ പഠിക്കുന്ന മകളുമാണുള്ളത്.
അത്യാവശ്യം തുണിയും മറ്റും എടുത്തുകൊള്ളാൻ പറഞ്ഞ് പോലീസും വക്കീലും ബാങ്ക് ജീവനക്കാരും ചേർന്ന് ഇവരെ ഇറക്കിവിടുകയായിരുന്നുവെന്നു പായിപ്ര പഞ്ചായത്ത് ഉപസമിതി ചെയർമാൻ എം.സി. വിനയൻ പറഞ്ഞു.
ഫോട്ടോഗ്രാഫറായിരുന്ന അജേഷ് രോഗിയായതോതോടെ ജോലിക്കു പോയിരുന്നില്ല.
പഞ്ചായത്തംഗങ്ങളായ നജി ഷാനവാസ്, ഷാഫി മുതിരക്കാലായിൽ, മുൻ അംഗങ്ങളായ കെ.പി. ഉമ്മർ, പി.എ. കബീർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് തടിച്ചു കൂടി പ്രതിഷേധിച്ചു.