സ്വന്തം ലേഖകൻ
കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കര ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായതോടെ പിടിയിലായ പ്രതികളുടെ എണ്ണം പത്തായി.
ഇനി പ്രധാന പ്രതികളെയാണ് പിടികിട്ടാനുള്ളത്. കൊലപാതകം ആസൂത്രണം ചെയ്ത കൈതപ്പൊയില്‍ 916 നാസര്‍ എന്ന എന്ന സ്വാലിഹും സഹോദരനുമാണ് ഗള്‍ഫിലുള്ളത്.
ഈ സംഭവത്തില്‍ പങ്കുള്ള സൂപ്പിക്കടയിലെ ഷമീറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസു കഴിഞ്ഞിട്ടില്ല. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം സ്വദേശിയും വൈത്തിരി അംബേദ്കര്‍ കോളനിയില്‍ താമസക്കാരനുമായ ശക്തിവേലിനെ (38) ആണ് പെരുവണ്ണാമൂഴി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
വയനാട്ടിലെ ലോഡ്ജില്‍നിന്ന് ഇര്‍ഷാദിനെ കടത്തിക്കൊണ്ടു പോയ സംഭവത്തിലെ പ്രതിയാണ് ഇയാള്‍. തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
വയനാട് മേപ്പാടി സ്വദേശികളായ മുബഷീര്‍ (28), ഹിബാസ് (30) എന്നിവരെയാണ് പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്പക്ടര്‍ കെ. സുഷീര്‍ അറസ്റ്റ് ചെയ്തിരുന്നത്.
പ്രതികള്‍ക്കായുള്ള തെരച്ചിലിനിടയില്‍ ഇവരെ പെരുവണ്ണാമൂഴി സബ് ഇന്‍സ്പക്ടര്‍ ആര്.സി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട് നിന്ന് പിടികൂടുകയായിരുന്നു.
ഇര്‍ഷാദിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളെ നാട്ടിലെത്തിക്കാന്‍ അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്റര്‍പോള്‍ മുഖേന ഇവരെ ദുബായില്‍നിന്ന് എത്തിക്കുന്നതിനുള്ള നടപടികള്‍ക്കാണ് തുടക്കം കുറിച്ചത്.
ദുബായില്‍നിന്ന് സ്വര്‍ണം കൊടുത്തുവിട്ട കോഴിക്കോട് കൈതപ്പൊയില്‍ ചിന്നിപറമ്പില് മുഹമ്മദ് സ്വാലിഹ് (നാസര്‍ ) ആണ് കേസിലെ ഒന്നാം പ്രതി.
സഹേദരന് ചിന്നിപറമ്പില് ഷംനാദ് രണ്ടാം പ്രതിയാണ്. ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ള ഉവൈസ് എന്നയാളെകൂടി കിട്ടാനുണ്ട്.
ദുബായില്‍ നിന്നെത്തിയ ഇര്‍ഷാദ് പന്തിരിക്കര സ്വദേശി ഷെമീറിനാണ് സ്വര്‍ണം കൈമാറിയത്. ഷെമീര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞയാഴ്ച പോലീസ് ഇയാളുടെ വീട്ടില്‍ എത്തിയപ്പോള്‍ ഗ്യാസ് സിലിണ്ടറുകള്‍ തുറന്നുവിട്ട് ഇയാള്‍ കത്തികാട്ടി പോലീസിനെ ആക്രമിച്ചിരുന്നു.
പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാള്‍ ആശുപത്രി വിടാത്ത സാഹചര്യത്തില്‍ പോലീസിനു കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇയാളെ ചോദ്യംചെയ്യുന്ന മുറയ്ക്ക് കുടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് ഉദ്യേഗസ്ഥര്‍ പറയുന്നു.