പത്തനംതിട്ട: സമാനതകളില്ലാത്ത കോവിഡ് ചികിത്സകൾക്ക് മാർഗനിർദേശവും നേതൃത്വം നൽകി മുന്നിൽ നിന്ന ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷനെ ഐസിഎംആറിൽ മാസ്റ്റേഴ്സ് ഓഫ് പബ്ലിക് ഹെൽത്ത് ഉന്നത പഠനത്തിനായി തെരഞ്ഞെടുത്തു.
അദ്ദേഹത്തിന്റെ ഭാര്യ പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി കൃഷ്ണയ്ക്കും ഇതേ കോഴ്സിൽ പ്രവേശനം ലഭിച്ചു.
ഇവരെക്കൂടാതെ കാസർഗോഡ് എൻഎച്ച്എം ജില്ലാ മാനേജർ ഡോ.രാമൻ സ്വാതി വാമനാണ് ഐസിഎംആർ പഠനത്തിനു കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെയാൾ. സാംക്രമികരോഗങ്ങളെ സംബന്ധിച്ച തുടർ പഠനം ആരോഗ്യവകുപ്പിന്റെ ശന്പളത്തോടു കൂടി തന്നെയാണ്.
2020 മാർച്ച് മുതൽ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അഹോരാത്രം പണിയെടുത്ത് അഭിമാനകരവും മാതൃകാപരവുമായ നേട്ടങ്ങൾക്കുടമയാണ് ഡോ.എബി സുഷൻ.
സമാനതകളില്ലാത്ത കോവിഡ്കാലത്തെ ആരോഗ്യവകുപ്പിന്റെ കൂട്ടായ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടവുമായി ചേർന്നുള്ള ഏകോപനങ്ങൾക്കും ചുക്കാൻ പിടിച്ചത് ഡോ.എബി സുഷനാണ്.
2020 മാർച്ച് എട്ടിന് ജില്ലയിൽ ആദ്യ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതു മുതൽ പ്രത്യേകമായ ടീമിനെ സജ്ജമാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും റൂട്ട് മാപ്പിംഗ്, സന്പർക്കപ്പട്ടിക തയാറാക്കൽ, പരിശോധനകൾ തുടങ്ങി മറ്റൊരു ഘട്ടത്തിൽ ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണംവേണ്ടിവന്നപ്പോഴുമെല്ലാം ഡോ.എബി സുഷൻ നടത്തിയ ഇടപെടലുകളും നേതൃത്വവും പ്രവർത്തനങ്ങളിൽ മാതൃകാപരമായി.
ഐസിഎംആർ കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ കേന്ദ്രമാക്കിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജിയിൽ കേരളത്തിൽ നിന്നു മൂന്നുപേർക്ക് ഉന്നതപഠനത്തിന് അവസരം ലഭിച്ചത്.
വള്ളിക്കോട് കുരുന്പേലിൽ പി.ജി. പുരുഷോത്തമന്റെയും കെ.കെ. സുലേഖയുടെയും മകനാണ് ഡോ.എബി സുഷൻ. 2014ൽ ആരോഗ്യവകുപ്പിൽ ചിറ്റാർ മെഡിക്കൽ ഓഫീസറായി ജോലി ആരംഭിച്ച ഡോ.എബി സുഷൻ 2016 ജൂലൈ മുതൽ എൻഎച്ച്എം ഡിപിഎം ആയി, ഇതോടൊപ്പം സംസ്ഥാന ഡേറ്റാ മാനേജർ, അർബൻ ഹെൽത്ത് മാനേജർ തസ്തികയിലും ജോലി ചെയ്തു.
ഡോ.അഞ്ജലി കൃഷ്ണ കൊല്ലം മുഖത്തല സ്വദേശിയാണ്. 2014ൽ ആനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറായി ആരോഗ്യവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് ഇരുവരും എംബിബിഎസ് പഠനം ഒരേ കാലയളവിൽ പൂർത്തീകരിച്ചത്.
സാംക്രമിക രോഗങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ കേരളത്തിൽ നിന്ന് ഈ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച മൂന്ന് ഡോക്ടർമാരെയാണ് ഇത്തവണ ഐസിഎംആർ ഉന്നതപഠനത്തിനു കണ്ടെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.