സ്വന്തം ലേഖകൻ
വൈപ്പിന്‍: മറ്റുള്ളവരുടെ മുടിയും മുഖവും മിനുക്കി പേരെടുത്ത അയല്‍വാസികളായ വനിതാ ബ്യൂട്ടീഷ്യന്മാര് നാടിനു മോടി കൂട്ടാന്‍ പരസ്പരം മത്സരിക്കുന്നു.
വൈപ്പിന്‍ എടവനക്കാട് പഞ്ചായത്തിലെ 13 -ാം വാര്‍ഡിലാണു ബ്യൂട്ടീഷ്യന്മാരുടെ തെരഞ്ഞെടുപ്പു പോരാട്ടം.
വനിതാ സംവരണ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കൊച്ചുത്രേസ്യ നിഷില്‍ (ഡിന്ന) മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എതിര്‍പക്ഷത്തുള്ളത് സുഹൃത്തു കൂടിയായ സിമി ലൗതാഷ്.
ഡിന്ന എടവനക്കാട് പഴങ്ങാട് സിന്‍ഡ്രല്ല എന്ന പേരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നു. സിമി വീട്ടില്‍തന്നെയാണു ബ്യൂട്ടീഷ്യന് ജോലികള്‍ നിര്‍വഹിക്കുന്നത്. വലിയ വിവാഹ ചടങ്ങുകളില്‍ ഇരുവരും ഒരുമിച്ചു ജോലി ചെയ്യാറുമുണ്ട്.
ബ്യൂട്ടീഷ്യന്മാരായതിനാല് ഇരുവര്‍ക്കും വനിതാ സൃഹൃത്തുക്കള്‍ നിരവധിയാണ്. ഇതെല്ലാം വോട്ടുകളാക്കി പെട്ടിയിലാക്കാനാണ് ഇരുവരുടെയും തീവ്രശ്രമം.
യുഡിഎഫിന്റെ പ്രസ്റ്റീജ് വാര്‍ഡായി അറിയപ്പെടുന്ന സീറ്റ്, കഴിഞ്ഞ തവണ അട്ടിമറിയിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇതു തിരിച്ചു പിടിക്കാനുള്ള ദൗത്യമാണു ഡിന്നയ്ക്കുള്ളത്.
പിടിച്ചെടുത്തതു വിട്ടുകൊടുക്കില്ലെന്ന വാശിയോടെ സിമിയും പ്രചാരണരംഗത്ത് സജീവം.
തെരഞ്ഞെടുപ്പില്‍ ഇരുചേരിയിലാണെങ്കിലും തങ്ങളുടെ സൗഹൃദത്തിനും തൊഴിലിനും കോട്ടം തട്ടാതെയാണ് ഇരുവരും പ്രചാരണത്തില്‍ മുന്നേറുന്നത്.
വോട്ടുതേടിയിറങ്ങും മുമ്പു പരസ്പരം കൈ കൊടുത്ത് ഇക്കാര്യം പറഞ്ഞുറപ്പിച്ചു പ്രഖ്യാപിക്കാനും ഇരുവരും മറന്നില്ല.