തൊടുപുഴ: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഹോട്ടലുടമയ്ക്ക്. ഇന്നലെ നറുക്കെടുത്ത ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് വെട്ടിമറ്റം തടിയിൽ അനൂപിന് ലഭിച്ചത്.
വെങ്ങല്ലൂർ – കോലാനി ബൈപ്പാസിൽ എടി ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട നടത്തുകയാണ് അനൂപ്.
പതിവായി ലോട്ടറി നൽകുന്നയാളിൽനിന്നാണ് ഇന്നലെയും ലോട്ടറി വാങ്ങിയത്. നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന അനൂപിന് കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നഷ്ടം നേരിട്ടിരുന്നു.
രണ്ടാഴ്ച മുന്പാണ് പുതിയ ഹോട്ടൽ ആരംഭിച്ചത്. വീടു നിർമിക്കുന്നതിനായി എടുത്ത വായ്പയിൽ ജപ്തി നടപടി നേരിടുന്നതിനിടെയാണ് ഭാഗ്യമെത്തിയതെന്നും സമ്മാനമായി ലഭിക്കുന്ന തുക കടം വീട്ടുന്നതിനും വ്യാപാരം മെച്ചപ്പെടുത്താനും ഉപയോഗിക്കുമെന്നും അനൂപ് പറഞ്ഞു.
ലോട്ടറി എസ്ബിഐ ശാഖയിൽ ഏൽപ്പിച്ചു. ഭാര്യ: അനു. മകൾ: അനയ.