കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ (13) രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം വന്നതിന്റെ കാരണം തേടി പോലീസ്.
മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ് സനു മോഹൻ ആവര്‍ത്തിച്ചു പറയുന്നത്. ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളൊന്നും ലഭിച്ചിരുന്നില്ല.
പരസ്പരവിരുദ്ധമായി മൊഴി നല്കുന്നതിനാല് മദ്യം നല്‍കിയിട്ടില്ലെന്ന സനുവിന്റെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കുട്ടിയെ മദ്യം നല്കി ബോധരഹിതയാക്കാനുള്ള സാധ്യതയാണ് അന്വേഷണ സംഘം മുന്നില്‍ കാണുന്നത്.
കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ രാസപരിശോധനയിലാണ് വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നൂറ് മില്ലിഗ്രാം രക്തത്തില്‍ 80ശതനമാനമായിരുന്നു ആല്‍ക്കഹോള്‍ അനുപാതം. ഏതു രൂപത്തില്‍ എപ്പോള്‍ നല്കി എന്നീ കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് ഏതെങ്കിലും പാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കിയോ എന്ന കാര്യവും അബോധാവസ്ഥയിലായത് മദ്യം നല്‍കിയതുകൊണ്ടാണോയെന്നും പോലീസ് സംശയിക്കുന്നു.
ചോദ്യം ചെയ്യലില്‍ മദ്യം നല്‍കിയിട്ടില്ലെന്ന നിലപാടില്‍ സനു മോഹന്‍ ഉറച്ചു നില്ക്കുന്നതിനാല് എങ്ങിനെ കുട്ടിയുടെ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം വന്നു എന്നതു സംബന്ധിച്ച് പോലീസ് വിശദമായ പരിശോധന നടത്തുകയാണ്.
കൂടാതെ സനു മോഹനെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ ഇതില്‍ വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
ഭാര്യക്ക് അറിയാം
പോലീസിനെ സഹായിക്കാന്‍ ഇനി ഭാര്യ രമ്യക്കു മാത്രമേ സാധിക്കൂ. ഇയാളെ കുറിച്ചു ഭാര്യയ്ക്കു മാത്രമേ അറിയൂ.
കുട്ടിയെ കൊലപ്പെടുത്താനുള്ള സാഹചര്യം ഉള്‍പ്പെടെ ഭാര്യ വെളിപ്പെടുത്തുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ആദ്യം ഭാര്യയെ ചോദ്യം ചെയ്യും.
പിന്നീട് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഇതാണ് പോലീസിന്റെ പരിപാടി.
തെളിവൊന്നും അവശേഷിപ്പിക്കാതെ
ഒരു തെളിവും ബാക്കി വയ്ക്കാതെയാണ് സനുമോഹന് എല്ലാ കൃത്യവും നടത്തിയത്.
മൂന്നോ നാലോ ഫോണുണ്ടെങ്കിലും അവസാനം കൈയില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പര്‍ ആര്‍ക്കും അറിയാത്തത്.
സ്വന്തം ഫോണ്‍ കേടാക്കി കളഞ്ഞു. പിന്നീട് ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചു. അതും സ്വിച്ച് ഓഫാക്കി.
എന്നാല്‍ ഒരു ഡിജിറ്റല്‍ തെളിവും അവശേഷിപ്പിക്കാതെയാണ് സനു മോഹന്‍ ഓരോ കരുക്കളും നീക്കിയത്.
സനു കങ്ങരപ്പടി ഫ്ളാറ്റില്‍ താമസം തുടങ്ങിയപ്പോള്‍ തന്നെ ഫേസ്ബുക്കില്‍നിന്ന് വിട്ടു. ഫ്ളാറ്റുകളിലെ ആളുകളോടുള്ള സംസാരംവരെ കുറവായിരുന്നു.
മൊബൈല്‍ ഫോണിലും വാട്സാപ്പിലും ചാറ്റ് ചെയ്യുന്നതും വളരെ കുറവാണ്. ഫ്ളാറ്റിലെ സിസിടിവി കാമറ കേടായി.
അതു നന്നാക്കാന്‍ സെക്രട്ടറിയായിട്ടും സനുമോഹന് തയാറായില്ല. മൊബൈലുകള്‍ ഉപയോഗിച്ച് ഇടപാടുകളും ഇല്ല.
സംഭവം നടക്കുന്ന മാര്‍ച്ച് 21-നു ശേഷമുള്ള ദിവസങ്ങളില്‍ പോലും മൊബൈല്‍ ഫോണില്‍ അസ്വാഭാവികമായി ഒന്നുമില്ല.
പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുന്നെ തന്നെ ഫോണ്‍ തകരാറിലാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. പിന്നീട് ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചു.
ഇതിലും തെളിവൊന്നുമില്ല. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സനുവിന്റെ കാര്‍ ചെക്പോസ്റ്റിലെ സിസിടിവി.
കാമറയില്‍ പതിഞ്ഞതല്ലാതെ മറ്റൊരിടത്തും അത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കിട്ടിയ വിലയ്ക്ക് കാര്‍ വിറ്റ ശേഷം ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തിലൂടെയായിരുന്നു സനു യാത്ര ചെയ്തിരുന്നത്.
ഫോണ്‍ സിഗ്നല്‍ പോലുള്ള ഡിജിറ്റല്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ യാത്രാ വഴികളും കണ്ടെത്താനാകുന്നില്ല.
കൊച്ചിയില്‍നിന്നു കാറില്‍ മാര്‍ച്ച് 22ന് കോയമ്പത്തൂരിലെത്തിയ സനു മോഹന്‍, കാര്‍ അവിടെ 50,000 രൂപയ്ക്കു വിറ്റു. ഈറോഡ്, ഉഡുപ്പി വഴി കൊല്ലൂരില്‍ ഏപ്രില്‍ 10ന് എത്തി.
ഒളിവില്‍ കഴിയുന്നതിനിടെ മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഉപയോഗിച്ചിട്ടില്ല. ആധാര്‍ കാര്‍ഡ് മാത്രമായിരുന്നു കൈവശം.
കൊല്ലൂരില്‍ 6 ദിവസം ലോഡ്ജില്‍ തങ്ങിയ ശേഷം ബില്ലടക്കാതെ മുങ്ങി ഉഡുപ്പി വഴി കാര്‍വാറിലെത്തി.
ലോഡ്ജില്‍ ബില്‍ അടച്ചിരുന്നെങ്കില്‍ ഇന്നും സനുമോഹനെ പിടികൂടില്ലായിരുന്നു. ഗോവയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യം.
കാര്‍വാര്‍ ബീച്ചില്‍, ഞായര്‍ പുലര്‍ച്ചെ കര്‍ണാടക പോലീസ് തിരിച്ചറിഞ്ഞതോടെ, അടുത്തുള്ള നിര്‍മാണത്തൊഴിലാളി ക്യാംപിലേക്ക് ഓടിക്കയറി. ഇവിടെ നിന്നാണു പോലീസ് പിടികൂടിയത്.