പി. സനില്‍കുമാര്‍
അഞ്ചല്‍: വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് തടിക്കാട് കാഞ്ഞിരത്തറയില്‍ കൊടിഞ്ഞിമൂല പുത്തൻവീട്ടിൽ അൻസാരി -ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്രാനെ കാണാതാകുന്നത്.
മാതാവ് ഫാത്തിമ അടുത്തുള്ള ബന്ധുവീട്ടില്‍ പണം വാങ്ങുന്നതിനായി മൂത്ത കുട്ടിയുമായി പോയിരുന്നു.
ഈ സമയം ഒപ്പം പോകാന്‍ അഫ്രാന് കരഞ്ഞുവെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന ഭര്‍തൃമാതാവ് കുട്ടിയെ ശ്രദ്ധിക്കും എന്ന വിശ്വാസത്തില്‍ ഫാത്തിമ അഫ്രാനെ കൊണ്ടുപോകാതെ ബന്ധുവീട്ടിലെക്ക് പോയി.
എന്നാല്‍ അഫ്രാന് മാതാവിനൊപ്പം പോയി എന്ന് കരുതിയ ഭര്‍തൃമാതാവ് ആകട്ടെ കുട്ടിയെ ശ്രദ്ധിച്ചതുമില്ല.
അല്പം കഴിഞ്ഞു കുട്ടിയുടെ അനക്കമൊന്നുമില്ലാതായത്തോടെ വീട്ടില്‍ തെരഞ്ഞപ്പോഴാണ് അഫ്രാനെ കാണാനില്ല എന്ന് മനസിലാകുന്നത്.
ഉടന്‍ വീട്ടുകാരും അയല്‍വാസികളില്‍ ചിലരും വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും അഫ്രാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വിവരം അഞ്ചല്‍ പോലീസില്‍ അറിയിച്ചു.
പാഞ്ഞെത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പരിശോധന ആരംഭിച്ചു.
ഒപ്പം നാട്ടുകാരും പൊതുപ്രവര്‍ത്തകരും അടക്കം വലിയൊരു സംഘവും തെരച്ചിലില്‍ പങ്കാളികളായി.
പോലീസ് അറിയിച്ചതിന്‍പ്രകാരം ഏഴോടെ പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്ത് എത്തി. സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ അടക്കം നൂറുകണക്കിന് പേര് അഫ്രാന്റെ വീടിനു മുന്നില്‍ തടിച്ചുകൂടി.
വീട്ടിലെയും പരിസരത്തെയും കിണറുകള്‍ വീട്ടുകാര്‍ തുണി കഴികുന്നതിനും മറ്റുമായി പോകാറുള്ള ചെറിയ കുളം ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ വ്യാപകമായി പരിശോധന നടത്തിയെങ്കിലും അഫ്രാനെകുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ പോലീസ് ഡോഗ് സ്ക്വാഡിന്റെ സഹായം അഭ്യര്‍ഥിച്ചു.
ഒന്‍പതോടെ കൊല്ലത്ത് നിന്നും എത്തിയ ഡോഗ് സ്ക്വാഡ് കുട്ടിയുടെ ചെരുപ്പില്‍ നിന്നും മണം പിടിച്ചു വീടിന്റെ പിന്‍ഭാഗത്ത് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ തെരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലം.
രാത്രി പതിനൊന്നോടെ പോലീസും ഫയര്‍ഫോഴ്സും തല്‍ക്കാലത്തേക്ക് തെരച്ചില്‍ അവസാനിപ്പിച്ചു. എന്നാല്‍ അപ്പോഴും നാട്ടുകാര്‍ തെരച്ചില്‍ തുടര്‍ന്നു.
ശനിയാഴ്ച പുലര്‍ച്ചെ വീണ്ടും നാട്ടുകാരും പോലീസും അഫ്രാനായി തെരച്ചില്‍ ആരംഭിച്ചു.
ഒരുഭാഗം മുഴുവന്‍ അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിയാതായതോടെ എല്ലാവരുടെയും മുഖത്ത് നിരാശ പ്രകടമായിരുന്നു. എന്നാല്‍ അല്പ സമയത്തിനകം ആശ്വാസമേകുന്ന ആ വാര്‍ത്ത എത്തി.
കുട്ടിയുടെ വീട്ടില്‍ നിന്നും ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ റബര്‍ പുരയിടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയെന്ന സന്ദേശമാണ് പോലീസിനു ലഭിച്ചത്.
റബര്‍ ടാപ്പിങ്ങിനായി എത്തിയ സുനില്‍ എന്നയാളാണ് കുട്ടിയെ കണ്ടെത്തിയത്. റബര്‍ മരത്തില്‍ പിടിച്ചുകൊണ്ട് നില്ക്കുന്ന രീതിയില്‍ കുട്ടിയെ കണ്ടെത്തിയ സുനില്‍ ഒപ്പമുണ്ടായിരുന്ന ആളുടെ കൂടി സഹായത്തോടെ കുട്ടിയെ പോലീസിനു കൈമാറി.
ഉടന്‍ തന്നെ അഞ്ചല്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജഹാന് കുട്ടിയുമായി താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു.
ഇതോടെയാണ് 12 മണിക്കൂര്‍ ഒരു പ്രദേശത്തെ ആകെ മുള്‍മുനയില്‍ നിര്‍ത്തിയ മുഹമദ് അഫ്രാന് തിരോധാനത്തിന് അവസാനമായത്.
പക്ഷെ കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. പോലീസ് നായ ഉള്‍പ്പടെ വലിയ സന്നാഹങ്ങളുമായി തെരച്ചില്‍ നടത്തിയിട്ടും രാത്രിയില്‍ ഒരു വിവരവും ലഭിക്കാതിരുന്ന കുട്ടിയെ അടുത്ത ദിവസം രാവിലെ കണ്ടെത്തിയതിന്റെ പിന്നില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് രാത്രിയില്‍ മഴപെയ്തിരുന്നു.
കുട്ടി കാര്യമായി നനഞ്ഞിരുന്നില്ല എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്ക് ഒരിടത്ത് കഴിഞ്ഞതിന്റെ യാതൊരുവിധ ഭയാശങ്കയും രണ്ടുവയസുകാരനായ അഫ്രാനില് കാണാന്‍ കഴിഞ്ഞില്ല.
കുട്ടി ആരോഗ്യവാനും സുരക്ഷിതനുമായിരുന്നു. എല്ലാം ചേര്‍ത്തുവയ്ക്കുമ്പോള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ഉപേക്ഷിക്കപ്പെട്ടതാകാം എന്ന സംശയമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
അതുകൊണ്ട് തന്നെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
എന്തായാലും പോലീസിനും ഇക്കാര്യത്തില്‍ ചില വ്യക്തതകള്‍ കണ്ടെത്തെണ്ടാതായിവരും എന്നുള്ളതുകൊണ്ട് തന്നെ മുഹമ്മദ് അഫ്രാന്റെ തിരോധാനം അന്വേഷിക്കാന്‍ തന്നെയാണ് പോലീസ് നീക്കം.