കോട്ടയം: പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കു വീണ്ടും വേദിയാവുകയാണ് ജില്ല. എൻസിപിയിലെ ഭിന്നതയാണ് പുതിയ മുന്നണി മാറ്റത്തിലേക്ക് എത്തുന്നത്.
പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ എൻസിപിയിലെ മാണി സി.കാപ്പൻ യുഡിഎഫിലേക്ക് പോയാൽ ഒപ്പം പോകാൻ ജില്ലാ പ്രസിഡന്റടക്കമുള്ളവരും തയാറാണ്.
എ.കെ.ശശീന്ദ്രനൊപ്പം ഉറച്ചു നിൽക്കുന്നവർ ഈ തീരുമാനത്തിൽ കടുത്ത എതിർപ്പിലാണ്. ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയടക്കമുള്ളവർ എൽഡിഎഫിൽ തുടരുന്നതിനെ അനുകൂലിക്കുന്നവരാണ്. ബോർഡ്, കോർപ്പറേഷൻ പദവികൾ വഹിക്കുന്നവരും ശശീന്ദ്രനൊപ്പമുള്ള വിഭാഗമാണ്.
യുഡിഎഫിലേക്കു പോയാൽ നേട്ടമുണ്ടാകുമെന്നാണ് മാണി സി. കാപ്പനെ അനുകൂലിക്കുന്നവരുടെ അവകാശവാദം. പാലാ സീറ്റിനൊപ്പം കാഞ്ഞിരപ്പള്ളിയും കിട്ടുമെന്നു കണക്കുകൂട്ടുന്നു.
അതുകൊണ്ടു തന്നെ ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തിൽ പരമാവധി നേതാക്കളെ ഒപ്പം നിറുത്താനാണ് ഇരുവിഭാഗവും ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിൽനിന്ന് കടുത്ത അവഗണനയുണ്ടായി. ജില്ലാ പഞ്ചായത്തിലേക്ക് ഒറ്റസീറ്റും നൽകിയില്ല.
2010ൽ 26 സീറ്റിൽ മത്സരിച്ചെങ്കിൽ ഇക്കുറിയത് ഏഴു സീറ്റു മാത്രമാണ് ഇടതു മുന്നണി നൽകിയത്. 58 സീറ്റ് ചോദിച്ചപ്പോൾ ഉഴവൂർ വിജയന്റെ നാട്ടിൽപ്പോലും സീറ്റ് നൽകാതെ അവഗണിച്ചെന്നും കാപ്പനെ അനുകൂലിക്കുന്നവർ പറയുന്നു.
മുന്നണി മാറ്റം സംഭവിച്ചാൽ കേന്ദ്ര നേതൃത്വത്തിനൊപ്പമായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സാജു എം. ഫിലിപ്പ് പറയുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിവൽ സീറ്റ് ലഭിക്കാതിരുന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നു മറു വിഭാഗം ആരോപിക്കുന്നു.
മാണി സി. കാപ്പൻ യുഡിഎഫിലേക്കെന്ന പ്രചാരണം മൂലം ജയം ഉറപ്പായിരുന്ന സീറ്റുകൾ പോലും നഷ്ടമായി. പാലാ സീറ്റ് നൽകില്ലെന്ന് സിപിഎമ്മോ, എൽഡിഎഫോ ഇതുവരെ പറഞ്ഞിട്ടില്ലെന്നും
പിന്നെ എന്തിനു വിവാദമുണ്ടാക്കുന്നുവെന്നും ജോസ് കെ. മാണി മുന്നണിയിലേക്ക് വന്നപ്പോൾ പാലാ സീറ്റുമായി ബന്ധപ്പെട്ട് കാപ്പന്റെ പ്രതികരണം അസ്ഥാനത്തുള്ളതാണെന്നുമാണ് ശശീന്ദ്രൻ അനുകൂലികൾ ഉന്നയിക്കുന്നത്.