സ്വന്തം ലേഖകന്
കോഴിക്കോട്: മുന്നണിമാറ്റവുമായി ബന്ധപ്പെട്ട ചര്ച്ചകള് എന്സിപിയില് കൊഴുക്കുന്നതിനിടെ പരസ്പരം പോര് മുഖം തുറന്ന് മാണി സി. കാപ്പനും മന്ത്രി എ.കെ.ശശീന്ദ്രനും. തന്നെ വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ടും ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കും മുന്പേ മുന്നണി മാറ്റം പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടി മന്ത്രി എ.കെ.ശശീന്ദ്രന് ദേശീയ നേതൃത്വത്തിന് പരാതി അയച്ചു.
ദേശീയ നേതൃത്വം സീറ്റ്കാര്യത്തില് നാളെ നിലപാട് സ്വീകരിക്കാനിരിക്കേയാണ് കാപ്പനെതിരേ മുന് കൂട്ടി പരാതിയുമായി ശശീന്ദ്രന് വിഭാഗം രംഗത്തെത്തിയത്.എന്സിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി ഇത് സംബന്ധിച്ച ഔദ്യോഗിക ചര്ച്ചകള് നടന്നിട്ടില്ലെന്ന നിലപാടാണ്.
അതേസമയം പാര്ട്ടി അച്ചടക്കം ലംഘിക്കുന്ന നിലപാടാണ് കാപ്പന് സ്വീകരിച്ചതെന്നും പരാതിയില് പറയുന്നു.എലത്തൂര് മാത്രമാണ് ലോകമെന്ന് ആരും കരുതേണ്ടെന്നും ഇടതുമുന്നണി അനീതി കാട്ടിയെന്നും മാണി സി. കാപ്പന് കുറ്റപ്പെടുത്തിയിരുന്നു. പാലാ വിട്ട് യാതൊരു ഒത്തുതീര്പ്പിനുമില്ലെന്ന നിലപാടാണ് കാപ്പനുള്ളത്.
എന്നാല് രാജ്യസഭാ സീറ്റ് കീട്ടിയാല് പാലാ പോയാലും മുന്നണിയില് തുടരാമെന്നനിലപടാണ് ദേശീയ നേതൃത്വത്തിനുള്ളത്.നാലു സീറ്റുകള് ലഭിച്ചാല് മുന്നണിമാറുന്നതെന്തിന് എന്ന ചോദ്യമാണ് ശശീന്ദ്രന് വിഭാഗം ഉയര്ത്തുന്നത്. എന്തായാലും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്ത്തുന്ന ശശീന്ദ്രന് മുന്നണിമാറ്റ ചര്ച്ച തുടക്കത്തിലേ തന്നെ എതിര്ത്തുപോരുകയാണ്.
പാര്ട്ടി പിളര്ന്നാലും ഇടതിനൊപ്പം അടിയുറച്ചുനില്ക്കാനാണ് മന്ത്രിയുടെ തീരുമാനം. എന്നാല് പ്രവര്ത്തകര്ക്കിടയില് ഇത് സമ്മിശ്രവികാരമാണ് ഉണ്ടാക്കിയിരിക്കുന്നത്.