ജോണ്സണ് വേങ്ങത്തടം
കൊച്ചി: കേരളത്തില്‍ എന്‍സിപി മത്സരിക്കുന്ന പാലാ സീറ്റ് ഏറ്റെടുത്തതിനു പിന്നാലെ എലത്തൂര്‍ ഉള്‍പ്പെടെ മറ്റു സീറ്റുകളും പാര്‍ട്ടിക്കു നഷ്ടപ്പെടുമെന്നു സൂചന.
നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റുകളില്‍ വിട്ടുവീഴ്ച വേണമെന്നു സിപിഎം നേതൃത്വം എന്‍സിപി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.പാലാ, എലത്തൂര്‍, കോട്ടയ്ക്കല്‍, കുട്ടനാട് സീറ്റുകളിലാണ് എന്‍സിപി മത്സരിക്കുന്നത്.
എന്നാല്‍ പാലാ സീറ്റ് എല്‍ഡിഎഫ് ഏറ്റെടുത്തു കേരള കോണ്‍ഗ്രസിനു നല്കി കഴിഞ്ഞു. പാലാ സീറ്റ് സംബന്ധിച്ചു ഇതുവരെ പരസ്യപ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സീറ്റ് കേരള കോണ്‍ഗ്രസിനു തന്നെയെന്ന ധാരണ ഉണ്ടായിട്ടുണ്ട്.
ജോസ് കെ. മാണി പാലായില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനവും ആരംഭിച്ചു കഴിഞ്ഞു.പാലാ സീറ്റിന് വേണ്ടി കടുംപിടിത്തം പിടിക്കാതെയിരുന്ന എ.കെ. ശശീന്ദ്രനു പ്രഹരമായിരിക്കുകയാണ് എലത്തൂര്‍ സീറ്റ്.
അദ്ദേഹം മത്സരിച്ചു ജയിക്കുന്ന സീറ്റില്‍ സിപിഎം കണ്ണു വച്ചു കഴിഞ്ഞു. ശശീന്ദ്രന് കണ്ണൂരിലെ ഏതെങ്കിലും സീറ്റ് കൊടുക്കാനാണ് തീരുമാനം. കുട്ടനാട് സീറ്റിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
ചങ്ങനാശേരി സീറ്റില്‍ മത്സരിക്കാനാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഡോ. കെ.സി. ജോസഫിനു താല്പര്യം. എന്നാല്‍ ചങ്ങനാശേരി സീറ്റില്‍ കേരള കോണ്‍ഗ്രസ് പിടിമുറുക്കിയിരിക്കുകയാണ്.
ഇതോടെ കുട്ടനാട്ടിലേക്കു മാറേണ്ടിവരും. ഡോ. കെ.സി.ജോസഫ് കുട്ടനാട്ടിലേക്കു വന്നാല്‍ എന്‍സിപിക്കു ഈ സീറ്റ് നഷ്ടപ്പെടും. ഇതോടെ കോട്ടയ്ക്കല്‍ സീറ്റില്‍ എന്‍സിപി ഒതുങ്ങേണ്ടിവരുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
നാലു സീറ്റുകള്‍ എന്‍സിപിക്കു വേണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്. എന്നാല്‍ കാപ്പന് പോയതോടെ പാര്‍ട്ടിക്കു ശക്തികുറഞ്ഞുവെന്ന കണക്കുകൂട്ടല്‍ എല്‍ഡിഎഫ് ക്യാമ്പിലുണ്ട്.
ചെറുകക്ഷികളുടെ സീറ്റ് ഏറ്റെടുത്താല്‍ മാത്രമേ സിപിഎമ്മിനു സീറ്റ് പങ്കുവയ്ക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഇതേസമയം മാണി സി. കാപ്പന് പുറത്തു പോയിട്ടും എന്‍സിപിയില്‍ വീണ്ടും പ്രശ്നങ്ങള്‍ കെട്ടടങ്ങുന്നില്ല.
നേരത്തെയും സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് അത് പരിഹരിക്കുകയായിരുന്നു.പക്ഷേ ഇക്കുറി കാര്യങ്ങള്‍ കുറച്ചുകൂടി സങ്കീര്‍ണമാണ്.
കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ പരസ്യ വിമര്‍ശനവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന് പുത്തന്‍പുരയ്ക്കല്‍ രംഗത്തുവന്നതു പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നതിന്റെ സൂചനയാണ്.
പരസ്യവിമര്‍ശനം നടത്തിയ ജയനെ പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തുകഴിഞ്ഞു. നേതൃമാറ്റം ആവശ്യപെട്ട് ജയന് പുത്തന്‍ പുരയക്കല്‍ യോഗത്തില്‍ പരസ്യമായി വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് ടി.പി. പീതംബരനും മന്ത്രി എ.കെ. ശശീന്ദ്രനും എതിരെയായിരുന്നു പ്രതിഷേധം. രണ്ടുപേരും കൂടി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ജയന് ആരോപിച്ചു.