സ്വന്തം ലേഖകൻ
കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പിനു പിന്നാലെ എൻസിപി കേരള ഘടകത്തിൽ ഭിന്നത രൂക്ഷം. സംഘടന തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട നാലു ജില്ലാ പ്രസിഡന്റുമാരെയും സംസ്ഥാനനേതാക്കളെയും പുറത്താക്കിയതിനു പിന്നാലെയാണ് ഭിന്നത രൂക്ഷമായത്. പാലാ തെരഞ്ഞെടുപ്പിൽ ദേശീയ നേതൃത്വം തിരിഞ്ഞു നോക്കാത്തതിലും അമർഷം പുകയുകയാണ്. ഇതിനു പിന്നാലെയാണു എൻസിപിയിലെ ഒരു വിഭാഗം പുറത്തേക്ക് പോകാൻ ആലോചിക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ എൻസിപിയിലെ ഒരു വിഭാഗം സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചു കഴിഞ്ഞു. കുറെക്കാലമായി പാർട്ടി ദേശീയ ഘടകത്തിന്റെ പ്രവർത്തനങ്ങളിൽ അസന്തുഷ്ടരായ ചേരിയാണ് പാർട്ടിയിൽ പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ആയിരുന്ന താരീഖ് അൻവറിനെ അനുകൂലിക്കുന്നവരും സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച ഉഴവൂർ വിജയൻ വിഭാഗവും ചേർന്ന് പുതിയ പാർട്ടി രൂപികരിക്കുവാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
പാർട്ടിയിലെ സ്ഥാനമാനങ്ങളും സർക്കാർ പദവികളും ഒരു വിഭാഗം കൈയ്യാടക്കുകയും പാർട്ടി ദേശീയ ഘടകത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ സംസ്ഥാനത്ത് അടിച്ചേൽപ്പിക്കുകയാണെന്നാണ് വിമതർ പറയുന്നത്. പാർട്ടിയുടെ യുവജന വിഭാഗം മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രദീപ് പാറപ്പുറം, പാർട്ടി എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന ടി.പി അബ്ദുൾ അസിസ്, വിവിധ ജില്ലാ പ്രസിഡന്റുമാർ,എറണാകുളം ജില്ലയിലെ 10 ഓളംബ്ലോക്ക് പ്രസിഡന്റുമാർ, നിരവധി സംസ്ഥാന കമ്മിറ്റിയംഗങ്ങൾ, എന്നിവർക്കെതിരേ നടപടി എടുക്കുകയുണ്ടായി.
പാർലമെന്റ് തെരഞ്ഞെപ്പിൽ മുന്നണിയിൽ അർഹമായ പ്രതിധിധ്യം ലഭിക്കാത്തതിലും പാർട്ടിക്കുള്ളിലെ വിഭാഗീതയിലും ഒരു വിഭാഗം പാർട്ടി പ്രവർത്തകർ നിശബ്ദരായി മാറി നിൽക്കുകയാണ്. ഇവരെയെല്ലാം സംഘടിപ്പിച്ചു കരുത്ത് തെളിക്കാനുള്ള ശ്രമം വിമത വിഭാഗം തുടങ്ങി കഴിഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച മാണി സി.കാപ്പനെ എതിരെ ഒരു സംസ്ഥാന ജന:സെക്രട്ടറിയുടെ നേതൃത്വത്തിൽ അപവാദ പ്രചരണം നടത്തുകയും സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിപ്പിച്ചിട്ടും യതൊരു വിധ നടപടിയും നേതൃത്വം സ്വീകരിക്കാത്തതിലും പ്രതിഷേധമുണ്ട്.
ദേശീയ വർക്കിംഗ് കമ്മിറ്റിയംഗമായ മാണി സി കാപ്പൻ മത്സരിച്ചിട്ടും ദേശീയ നേതൃത്വം തിരിഞ്ഞ് നോക്കിയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമെന്ന് അറിച്ചിരുന്ന ശരദ് പവാറിന്റെ മകളും വർക്കിംഗ് കമ്മിറ്റി മെന്പറുമായ സുപ്രിയ സൂളെയുടെ പ്രചാരണ പരിപാടി അവസാന നിമിഷം റദ്ദാക്കിയതിലും പ്രതിഷേധം ശക്തമാണ്.