ന്യൂഡൽഹി: എൻസിപി നേതാവിനെതിരെ ഉയർന്ന പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന മന്ത്രി എ.കെ. ശശീന്ദ്രനെ ന്യായീകരിച്ച് എൻസിപി.
പീഡന കേസ് പിൻവലിക്കാൻ ശശീന്ദ്രൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു.
പാർട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രൻ പരാതിക്കാരിയുടെ അച്ഛനെ ഫോണ് ചെയ്തത്. ഫോണ് സംഭാഷണത്തിൽ നിങ്ങൾ കൊടുത്തിട്ടുള്ള പീഡന കേസ് പിൻവലിക്കണമെന്ന് ശശീന്ദ്രൻ പറഞ്ഞിട്ടില്ലെന്നും ചാക്കോ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കുണ്ടറയിലെ സംഘടന പ്രശ്നത്തിൽ മന്ത്രി ഇടപെടണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രൻ ഇടപെട്ടാൽ പ്രശ്നം തീരുമെന്ന് നേതാക്കൾ പറഞ്ഞു.
ഇത് അനുസരിച്ച് സംഘടന പ്രശ്നം പരിഹരിക്കാനാണ് മന്ത്രി ഫോണ് ചെയ്തത്. കേസ് ഒത്തു തീർക്കണമെന്ന് സംഭാഷണത്തിൽ പറഞ്ഞിട്ടില്ലെന്നും ചാക്കോ അവർത്തിച്ചു.
പീഡന പരാതി വ്യാജമെന്ന് പറയാം. എന്നാൽ താൻ അങ്ങനെ പറയുന്നില്ല. വസ്തുത അറിയാതെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്.
ആരോപണത്തിന്റെ പേരിൽ മന്ത്രി രാജിവയ്ക്കേണ്ട കാര്യമില്ല. സംഘടനയിൽ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും പി.സി. ചാക്കോ കൂട്ടിച്ചേർത്തു.