കോഴിക്കോട് /കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍സിപി മുന്നണി വിടില്ലെന്ന സൂചന നല്കി ദേശീയ നേതൃത്വം.
മുംബൈയിലെത്തി മന്ത്രി എ.കെ. ശശീന്ദ്രന് എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് മുന്നണി മാറ്റം സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് വ്യക്തമായത്. ഇന്നലെയാണ് മന്ത്രി ശരത്പവാറുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ച അഞ്ച് മിനിറ്റ്
ശുഭ സൂചന നല്‍കികൊണ്ടാണ് മന്ത്രിയെ ശരത്പവാര്‍ വരവേറ്റത്. തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതികൂലസാഹചര്യത്തില്‍ പോലും മികച്ച വിജയം കൈവരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭിനന്ദനം അറിയിക്കണമെന്നായിരുന്നു ശരത്പവാര്‍ ആവശ്യപ്പെട്ടതെന്ന് മന്ത്രി എ.കെ.ശശീന്ദ്രന് രാഷ്ട്ര ദീപികയോട് പറഞ്ഞു.
അഞ്ചുമിനിറ്റ് മാത്രമേ കൂടിക്കാഴ്ച നടന്നിട്ടുള്ളൂവെന്നും മുന്നണി മാറ്റം സംബന്ധിച്ച് ദേശീയ നേതൃത്വത്തിന്റെ പേരില്‍ പുറത്തുവരുന്നതെല്ലാം അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.
ചർച്ച ദേശീയനേതൃത്വം അറിയാതെ
എന്‍സിപി നേതാക്കള്‍ യുഡിഎഫിലേക്ക് പോകുന്നതിന് മുന്നോടിയായി ചര്‍ച്ച നടത്തിയെന്ന് പറയുന്നത് ദേശീയ നേതൃത്വത്തിന്റെ അറിവോടെയല്ല. ഔദ്യോഗികമായി അംഗീകാരമില്ലാതെയാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിയത്.
മുന്നണി മാറ്റത്തില്‍ ശരത്പവാറിന്റെ സമ്മതം ഉണ്ടെന്ന് പറഞ്ഞത് ശരിയല്ല. തെരഞ്ഞെടുപ്പില്‍ നേരത്തെ മത്സരിച്ച നാലു സീറ്റും ചോദിക്കും. ഉഭയകക്ഷി ചര്‍ച്ചയില്‍ മാന്യമായ രീതിയില്‍ പരിഹാരമുണ്ടാവും. പാലാ സീറ്റിനെ കുറിച്ചുള്ള ആശങ്കകള്‍ സംബന്ധിച്ചും ശരത്പവാറിനെ അറിയിച്ചു.
എന്നാല്‍ ആശങ്കകള്‍ വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനും മാണി സി. കാപ്പനുമായും ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാവുമെന്നും ശരത്പവാര്‍ വ്യക്തമാക്കിയതായി ശശീന്ദ്രന് പറഞ്ഞു.
സിറ്റിംഗ് സീറ്റ് കിട്ടിയില്ലെങ്കിൽ…
എൽഡിഎഫിൽ ഉറച്ചു നിൽക്കണമെന്നും തുടർഭരണത്തിനു സാധ്യതയുണ്ടെന്നും ഇപ്പോൾ മുന്നണി മാറേണ്ട സാഹചര്യമില്ലെന്നും ശശീന്ദ്രൻ പവാറിനെ ധരിപ്പിച്ചു.
എന്നാൽ മുന്നണി മാറ്റം പവാർ തള്ളിക്കളഞ്ഞില്ല. സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ ലഭിച്ചില്ലെങ്കിൽ മുന്നണി മാറ്റമാണ് നല്ലതെന്നാണ് പവാറിന്റെ നിലപാട്. ഇപ്പോൾ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കാനും നിയമസഭാ സമ്മേളനത്തിനു ശേഷം കൂടിയാലോചനകൾ നടത്തി തീരുമാനമെടുക്കാമെന്നും പവാർ ശശീന്ദ്രനെ അറിയിച്ചു.
ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്നു മറ്റു നേതാക്കളുമായി ചർച്ച നടത്തുന്നത്. ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേലും ചർച്ചയിൽ പങ്കെടുക്കും.
ഗഡ്ഗരിയെ കാണാൻ..
ഡല്‍ഹിയില്‍ പോയത് ഫാസ്ടാഗ്, കെഎസ്ആര്‍ടിസിയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനും നിതിന്‍ ഗഡ്ഗിരിയെ നേരില്‍ കാണാനുമാണ്. ഇക്കാര്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഡല്‍ഹിയില്‍ പ്രഫുല്‍ പാട്ടീലിനെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അവിടെയുണ്ടായിരുന്നില്ലെന്നും ശശീന്ദ്രന് പറഞ്ഞു.
തുടര്‍ന്ന് ഇന്നലെ രാവിലെ മുംബൈയിലെത്തുകയും ശരത്പവാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുംബൈയില്‍ നിന്ന് ഇന്നലെ രാത്രി തന്നെ കോഴിക്കോട്ടേക്ക് തിരിച്ചതായും ശശീന്ദ്രന് പറഞ്ഞു.