കോഴിക്കോട്: നിയമസഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എന്‍സിപിയുടെ ജില്ലാ നിര്‍വാഹകസമിതി യോഗം കോഴിക്കോട് ആരംഭിച്ചു. ഇടതുമുന്നണി ജില്ലയില്‍ എന്സിപിക്കനുവദിച്ച എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ജില്ലാനിര്വാഹകസമിതിയില് തീരുമാനമാകും.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി. പീതാംബരന് മാസ്റ്റര്‍ , സെക്രട്ടറി ആലിക്കോയ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയരുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കും വിധത്തില്‍ ശശീന്ദ്രന് അനുകൂല വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രി എ.കെ.ശശീന്ദ്രന് എലത്തൂരില്‍ മല്‍സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം. എന്നാല്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരന് എന്നിലയില്‍ ശശീന്ദ്രന് മല്‍സരിക്കണമെന്നാണ് സിപിഎമ്മിന് താല്പര്യം.
എന്നാല്‍ പാര്‍ട്ടിക്ക് അനുവദിച്ച സീറ്റില്‍ ഏത് സ്ഥാനാര്‍ഥി വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടിക്ക് മാത്രമാണെന്നാണ് ശശീന്ദ്രന് വിരുദ്ധവിഭാഗത്തിന്റെ നിലപാട്. ആദ്യഘട്ടത്തില്‍ ശശീന്ദ്രന് വിരുദ്ധ ചേരിയിലായിരുന്ന ആലിക്കോയ ശശീന്ദ്രന് അനുകൂലമായ നിലപാട് എടുത്തതും സംസ്ഥാന പ്രസിഡന്റ് എതിരുനില്ക്കാത്തതുമാണ് ശശീന്ദ്രന്റെ പ്രതീക്ഷ. എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ ഭൂരിഭാഗം അംഗങ്ങളും ശശീന്ദ്രന് മാറിനില്‍ക്കണമെന്ന് അഭിപ്രായമുള്ളവരാണ്.
ഇടതുമുന്നണി കോഴിക്കോട് ജില്ലാകണ്‍വീനറും ജില്ലാ പഞ്ചായത്ത് അംഗവുമായ മുക്കം മുഹമ്മദിന്റെ പേരാണ് ശശീന്ദ്രന് വിരുദ്ധര്‍ എലത്തൂരില്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ജില്ലാ കമ്മിറ്റിക്കു ശേഷം സംസ്ഥാനകമ്മിറ്റിയുടെയും തുടര്‍ന്ന് ശരത്പവാര്‍ അധ്യക്ഷനായുള്ള ദേശീയ കമ്മിറ്റിയുടെയും അംഗീകാരം നേടിയശേഷം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.