സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് എൻസിപി പിളർപ്പിലേക്ക് എന്നുറപ്പായി. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച തോമസ് കെ.തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ വിമത വിഭാഗം ഉടൻ തന്നെ സുപ്രധാന നീക്കങ്ങൾ നടത്തുമെന്ന സൂചനയുണ്ട്.
ഇടതുമുന്നണിയിൽ നിന്നും ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ അടുത്ത ദിവസം തന്നെ ദേശീയ തലത്തിൽ എൻസിപി പിളർന്നതിനു പിന്നാലെ സംസ്ഥാന തലത്തിലും പിളർപ്പ് ഉണ്ടാവും.
ഇരു വിഭാഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തങ്ങൾക്കാണെന്ന വാദവും ഉയർത്തുന്നു. പി.സി ചാക്കോ ശരത് പവാറുമായി ബന്ധപ്പെട്ട് സിപിഎം ദേശീയ നേതാക്കളുടെ പിന്തുണ തങ്ങളുടെ വിഭാഗത്തിന് ഉറപ്പാക്കി.
എന്നാൽ സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ നിലപാട് ഏറെ നിർണായകമാണ്. മുഖ്യമന്ത്രിയുടെ പിന്തുണ തങ്ങൾക്കുണ്ട ാവുമെന്ന വിശ്വാസത്തിലാണ് തോമസ് കെ.തോമസ് പക്ഷം.
ഇതിനിടെ കഴിഞ്ഞ ദിവസം എതിർ ചേരിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി തോമസ് കെതോമസ് എംഎൽഎ രംഗത്തു വന്നിരുന്നു.
തന്നെ കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ തോമസ് കെ തോമസ് ഉന്നയിച്ചത്. ഇതിനു പിന്നിൽ ആരാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ചില സൂചനകൾ മാത്രമാണഅ നല്കിയിട്ടുള്ളത്.
നിലവിലെ സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയെ വെച്ച് എൻസിപിയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന കാര്യം എൻസിപി ദേശീയ അധ്യക്ഷൻ ശരത്പവാറിന് ധരിപ്പിച്ചതായും തോമസ് കെ തോമസ് വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിൽ എൻസിപിയിൽ പൊട്ടിത്തെറി ഉറപ്പാണ്.