തിരുവനന്തപുരം: എന്‍സിപി ദേശീയ നേതൃത്വത്തിലെ പിളര്‍പ്പിന്റെ അലയൊലികള്‍ കേരളാ എന്‍സിപിയിലും വ്യാപിക്കുമോ എന്ന ആശങ്ക.
സംസ്ഥാനത്ത് എൻസിപിയിലുള്ള പടലപിണക്കം മുതലെടുക്കാനുള്ള നീക്കം മഹാരാഷ്ട്രയിൽ എൻസിപി പിളർത്തി ഉപമുഖ്യമന്ത്രിയായ അജിത് പവാർ പക്ഷം നടത്തുന്നതായി സൂചന.
കേരളത്തിലെ എൻ സി പി നേതാക്കളുമായി ഏറെ ബന്ധമുളള മുൻ കേന്ദ്ര മന്ത്രി പ്രഫുൽ പട്ടേൽ കേരളത്തിലെ ചില എൻസിപി നേതാക്കളെ ബന്ധപ്പെട്ടതായും അറിയുന്നു.
നിലവില്‍ സംസ്ഥാന ഘടകത്തില്‍ പി.സി ചാക്കോയെ അനുകൂലിക്കുന്ന ഔദ്യോഗിക വിഭാഗവും തോമസ്.കെ തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമാണ് നിലനില്‍ക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ ഇത് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കും എന്‍സിപി ഓഫീസ് പിടിച്ചടക്കല്‍ വരെയുള്ള അവസ്ഥയിലുമെത്തിയിരുന്നു. ഇതിനിടയിലാണ് സംസ്ഥാത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് കേന്ദ്ര നേതൃത്വം ഒരാഴ്ച്ച മുമ്പ് രണ്ടായി പിളര്‍ന്നത്.
ഇതോടെ സംസ്ഥാനത്തും എന്‍സിപിയില്‍ പടലപ്പിണക്കം രൂക്ഷമായിരിക്കയാണ് . ദേശീയ തലത്തില്‍ ശരത് പവാറിനൊപ്പം നിലകൊളളുമെന്ന നിലപാട് സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ വ്യക്തമാക്കി.
സംസ്ഥാനത്ത് എന്‍സിപി രണ്ടു ചേരിയായി നില്ക്കുന്ന സാഹചര്യത്തില്‍ തോമസ് കെ.തോമസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള വിഭാഗം എന്തു നിലപാട് സ്വീകരിക്കുമെന്നതും ഏറെ ശ്രദ്ധേയമാണ്.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ലക്ഷദ്വീപിലേയും കേരളത്തിലേയും ചില നേതാക്കളുമായി ബന്ധപ്പെടുന്നതായും സൂചനയുണ്ട്. സംസ്ഥാനത്ത് എന്‍സിപി ഇടതു മുന്നണിക്കൊപ്പമായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പരസ്യപ്രതികരണത്തിന് സാധ്യതയില്ല.
ഇതിനിടെ കഴിഞ്ഞ ദിവസം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ മുംബയിലെത്തി ശരത്പവാറിനെ കണ്ട് പിന്തുണ അറിയിച്ചു.
സംസ്ഥാനത്തെ ചേരിപ്പോരില്‍ മറുവിഭാഗത്തിനെ സമ്മര്‍ദത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന സൂചനയുമുണ്ട്. സംസ്ഥാനത്ത് രണ്ട് എം എൽ എ മാർ ഉള്ള എൻസിപിക്ക് ഇടതുമന്ത്രിസഭയിൽ സുപ്രധാന വകുപ്പും ഉള്ള പശ്ചാത്തലത്തിൽ ദേശീയ തലത്തിലെ ഓരോ ചലനവും സംസ്ഥാന തലത്തിൽ ഏറെ നിർണായകമാണ്