കോഴിക്കോട്: മാണി സി. കാപ്പനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി എന്‍സിപിയിലെ ഒരു വിഭാഗം രംഗത്ത്. നിലവിലെ ഗതാഗത മന്ത്രിയായ എ.കെ. ശശീന്ദ്രനു പകരം മന്ത്രിയാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് കണ്‍വീനറെയും അറിയിക്കാനാണ് നേതാക്കള്‍ തീരുമാനിച്ചത്. എന്നാല്‍ ശശീന്ദ്രനെ അനുകൂലിക്കുന്നവർ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഗതാഗതവകുപ്പ് കുത്തഴിഞ്ഞ് കിടക്കുകയാണെന്നും മന്ത്രി കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും ജീവനക്കാരുടെ കാര്യത്തില്‍ പോലും അനുഭാവത്തോടു കൂടിയ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമാണ് ശശീന്ദ്രനെതിരേ ഉയരുന്ന പ്രധാന ആരോപണം.
സ്വകാര്യ ബസുകളുടെ നിയമലംഘനം പാര്‍ട്ടി പ്രവര്‍ത്തകർ നേരിട്ടറിയിച്ചിട്ടും അദ്ദേഹം നടപടി സ്വീകരിക്കാത്തതിലും പ്രദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. പഴയ കോണ്‍ഗ്രസ്- എസ് നേതാക്കളും ശശീന്ദ്രനെതിരേ രംഗത്തുണ്ട്.
മാണി സി. കാപ്പനെ മന്ത്രിയാക്കാന്‍ തോമസ് ചാണ്ടിയും അണികള്‍ക്ക് പിന്നിലുണ്ടെന്നാണ് സൂചന. തോമസ് ചാണ്ടിയുടെ വിശ്വസ്തനായാണ് മാണി സി. കാപ്പനെ പ്രവര്‍ത്തകര്‍ കാണുന്നത്. അതേസമയം, മന്ത്രിസ്ഥാനം ഒഴിയാന്‍ തയാറല്ലെന്നാണ് ശശീന്ദ്രന്റെ നിലപാട്. മാണി സി. കാപ്പന് ഇന്ന് കോഴിക്കോട്ട് എത്തും.