സ്വന്തം ലേഖകൻ
കോഴിക്കോട്: എൻസിപിയുടെ രണ്ടാമത്തെ മന്ത്രിയും പിണറായി മന്ത്രിസഭയിൽ നിന്നും രാജിവച്ചതോടെ പാർട്ടിയിൽ രണ്ടുധ്രുവങ്ങൾ രൂപപ്പെടുന്നു. പ്രവർത്തകരിൽ ഭൂരിഭാഗവും എ.കെ.ശശീന്ദ്രനൊപ്പമാണ്. ശശീന്ദ്രന്റെ സ്വന്തം നാടായ കോഴിക്കോടും പ്രവർത്തകൾ അദ്ദേഹം വീണ്ടും മന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. മന്ത്രിസഭയുടെ തുടക്കകാലത്ത് ശശീന്ദ്രനോടായിരുന്നു മുഖ്യമന്ത്രിക്ക് താത്പര്യമെങ്കിലും ഇപ്പോൾ സ്ഥിതിമാറി. കുറ്റവിമുക്തനാക്കപ്പെട്ടാൽ തോമസ് ചാണ്ടിതന്നെ മന്ത്രിസഭയിലേക്ക് വരണമെന്നനിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അതുകൊണ്ടുതന്നെയാണ് തന്റെ നിരപരാധിത്വം മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടെന്ന് തോമസ് ചാണ്ടി അറിയിച്ചതും.
സ്ത്രീവിഷയത്തിൽ ഇടതുപക്ഷം സ്വീകരിക്കുന്ന കടുത്ത നിലപാടുകളാണ് ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് വിലങ്ങുതടിയാകുന്നത്. കുറ്റവിമുക്തനാക്കപ്പെട്ടാൽ തോമസ് ചാണ്ടി മന്ത്രിസഭയിലേക്കുവരുന്നതിനോട് സിപിഐക്കു മാത്രമേ എതിർപ്പുണ്ടാകാൻ സാധ്യതയുള്ളു.എൻസിപി സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ തോമസ് ചാണ്ടിയെ ഇപ്പോഴും കൈവിട്ടിട്ടില്ല. ശശീന്ദ്രൻ വിഷയത്തിൽ ഒറ്റദിവസം കൊണ്ട് തീരുമാനമെടുത്ത നേതൃത്വം തോമസ് ചാണ്ടിക്ക് രാജിക്കാര്യത്തിൽ സാവകാശം നൽകുകയും നിരപരാധിത്വം തെളിയിക്കാൻ സുപ്രീം കോടതിയിൽ പോകാൻ നിർദേശം നൽകുകയും ചെയ്തു.
മന്ത്രിസ്ഥാനം പാർട്ടിക്ക് നഷ്ടപ്പെടുമോ എന്ന ഭീതിയും പാർട്ടി നിലപാടിനു പിന്നിലുണ്ട്. പാർട്ടിയുടെ ഇമേജ് ഉയർത്താൻ തോമസ് ചാണ്ടിതന്നെ മന്ത്രിയായി തിരിച്ചുവരണമെന്ന് നേതൃത്വം വിശ്വസിക്കുന്നു. മാത്രമല്ല, സിപിഐക്ക് ശക്തമായ മറുപടി നൽകാൻ ചാണ്ടിയുടെ തിരിച്ചുവരവ് അത്യാവശ്യമാണെന്നും ഇവർ വിലയിരുത്തുന്നു.
എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടമായ ഫോണ്വിളി കേസിൽ ശബ്ദം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ വ്യക്തമാക്കിയതോടെ മന്ത്രിയോട് അടുപ്പമുള്ളവർ പ്രതീക്ഷയിലാണ്. തിരിച്ചുവരവിനെകുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ശശീന്ദ്രൻ പറയുന്പോഴും പ്രവർത്തകർ ആവേശത്തിലാണ്. ശശീന്ദ്രൻ കേസിൽ നടപടികൾ എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്.
ഫോണ് സംഭാഷണം ആദ്യം റെക്കോർഡ് ചെയ്ത ഫോണ് ഇതു വരെ കണ്ടെടുക്കാനായിട്ടില്ലെന്നതാണ് അപേക്ഷ തള്ളുന്നതിന് പ്രധാന കാരണമായി കമ്മീഷൻ ചൂണ്ടികാണിച്ചത.അതേസമയം മുൻ മന്ത്രിയായ ശശീന്ദ്രനുമായുള്ള പ്രശ്നം ഒത്തു തീർപ്പായെന്നും അന്യായം പിൻവലിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവർത്തക ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മാധ്യമ പ്രവർത്തകയുടെ അപേക്ഷ അടുത്തയാഴ്ച പരിഗണിക്കും.