തിരുവനന്തപുരം : മന്ത്രിസ്ഥാന തർക്കത്തിന്റെ പേരിൽ സംസ്ഥാന എൻ സി പി യിൽ കലാപം രൂക്ഷമാകുന്നു. എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റും കെൽ ചെയർമാനുമായ പി.കെ.രാജനെ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് ശശീന്ദ്രൻ വിഭാഗം ദേശീയ പ്രസിഡന്റ് ശരദ് പവാറിനു പരാതി നൽകി.
എ. കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു തുടരുന്നതിനു പിന്തുണ നൽകി ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം തൃശൂരിൽ വിളിച്ചു ചേർത്ത യോഗമാണു കലാപം കടുക്കാൻ കാരണമായിരിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ. രാജൻ ആണ് യോഗം വിളിച്ചു ചേർത്തത്. ഇത് സംസ്ഥാന പ്രസിഡന്റ് പി. സി. ചാക്കോയെ ചൊടിപ്പിച്ചു.
ഇതേത്തുടർന്ന് രാജനെ പി.സി.ചാക്കോ സസ്പെൻഡ് ചെയ്തതാണ് മന്ത്രി എ.കെ. ശശീന്ദ്രനെയും സംഘത്തെയും പ്രകോപിപ്പിച്ചത്. സസ്പെൻഷൻ പിൻവലിക്കണമെന്ന് കാട്ടി ശശീന്ദ്രൻ പി.സി.ചാക്കോയ്ക്കു കത്തു നൽകി. ഇതിനു പിന്നാലെയാണു ദേശീയ പ്രസിഡന്റിനു കത്തു നൽകിയത്.
പാർട്ടി ദേശീയ സമിതി അംഗം കൂടിയായ പി.കെ. രാജന്റെ പേരിൽ നടപടി സ്വീകരിക്കാൻ അഖിലേന്ത്യ നേതൃത്വത്തിനു മാത്രമേ പാർട്ടി ഭരണഘടന പ്രകാരം അധികാരമുള്ളൂവെന്നും പാർട്ടി പ്രസിഡന്റ് എടുത്ത തീരുമാനം പാർട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.
അടുത്ത മാസം ആദ്യവാരം മുഖ്യമന്ത്രിയുമായി ചർച്ച നടത്താനാണ് പി.സി. ചാ ക്കോ യുടെയും തോമസ് കെ. തോമസിന്റെയും തീരുമാനം. അതേസമയം മന്ത്രി സ്ഥാനത്തു നിന്നും ശശീന്ദ്രനെ മാറ്റുന്നതിനെതിരേ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. പാർട്ടി പിളരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ശശീന്ദ്രനെ മാറ്റി പുതിയ മന്ത്രിയെ മന്ത്രി സഭയിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് മുഖ്യ മന്ത്രി പിണറായി വിജയൻ ആയിരിക്കും. പകരം മന്ത്രി വേണ്ടെന്ന് മുഖ്യ മന്ത്രി തീരുമാനിച്ചാൽ പി.സി.ചാക്കോയും തോമസ് കെ .തോമസും വെട്ടിലാകും