കൊല്ലം: എൻസിപി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ആരോപണ വിധേയനായ ജി പത്മാകരൻ, കുണ്ടറ സ്വദേശിയായ രാജീവ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പത്മാകരൻ തന്റെ കൈയിൽ കയറി പിടിച്ചെന്നും വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.
പരാതിയിൽ പറയുന്ന സംഭവങ്ങൾ നടന്ന സമയത്തെ പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പോലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്.
എന്നാൽ മന്ത്രി എ.കെ. ശശീന്ദ്രന്റെ കേസിലെ ഇടപെടൽ പുറത്തു വന്നതോടെ പോലീസ് ചൊവ്വാഴ്ച കേസെടുക്കുകയായിരുന്നു.
പത്മാകരൻ നടത്തുന്ന ഹോട്ടലിലെത്തിയ തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് സ്ത്രീ കുണ്ടറ പോലീസ് സ്റ്റേഷനിൽ ജൂൺ 27 ന് നൽകിയ പരാതി.
പരാതി നൽകിയതിനു ശേഷം പലതവണ സ്ത്രീ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും എഫ്ഐആർ ഇടുകയോ മൊഴിയെടുക്കുകയൊ ചെയ്തില്ല. ലോട്ടറിവില്പന നടത്തുന്ന സ്ത്രീ കുണ്ടറ പെരുമ്പുഴയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.