തിരുവനന്തപുരം: തോമസ്.കെ.തോമസ് എംഎൽഎക്കെതിരെ പരാതിയുമായി ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും. ഇതോടെ എൻസിപിയിൽ കലഹം രൂക്ഷമായിരിക്കുകയാണ്.
തോമസ്.കെ.തോമസ് പാർട്ടിയെ പൊതു ജനമധ്യത്തിൽ അപമാനിച്ചു എന്നാണ് ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. പരാതിയിൽ ഉടൻ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം എ.കെ.ശശീന്ദ്രനെയും ചാക്കോയെയും പോലെ കള്ളക്കേസ് കൊടുക്കുന്നവരെ സംരക്ഷിക്കുന്ന “പക്വത’ തനിക്കില്ലെന്ന് കുട്ടനാട് എംഎൽഎ തോമസ്.കെ.തോമസ് പറഞ്ഞു.
ആരെയും കൊല്ലാനുള്ള “പക്വത’യും തനിക്കില്ല. കേരളത്തിലെ പാർട്ടിയുടെ പ്രശ്നങ്ങള്‍ സുപ്രിയ സുലെയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി ശരത് പവാറും മുഖ്യമന്ത്രിയും ചേർന്ന് തീരുമാനിക്കട്ടെയെന്നും തോമസ്.കെ.തോമസ് പറഞ്ഞു.
എൻസിപിയുടെ വർക്കിംഗ് കമ്മിറ്റി അംഗമായ തോമസ്.കെ.തോമസിനെ ഈ സ്ഥാനത്തുനിന്നും മാറ്റണമെന്നാണ് ആവശ്യം.
തനിക്കെതിരെ വധശ്രമമുണ്ടായെന്ന തോമസ്.കെ.തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമായ വിഷയമാണെന്നും പൊലീസ് അന്വേഷിക്കട്ടേയെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.