കൊച്ചി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്ന് എൻസിപി ദേശീയ നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചതായി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി. രാജ്യത്തെ പ്രധാന രാഷ്ട്രീയ ശത്രു ബിജെപിയാണ്. അവർക്കെതിരേ രൂപപ്പെടുന്ന മതേതര സഖ്യത്തിന്റെ ഭാഗമായി പ്രവർത്തിക്കേണ്ട ഇടതുപക്ഷത്തിനെതിരേ മത്സരിക്കുന്നതിൽനിന്നു രാഹുൽ പിൻമാറണമെന്നു ദേശീയ അധ്യക്ഷൻ ശരത് പവാർ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും തോമസ് ചാണ്ടി പറഞ്ഞു.
കൊച്ചിയിൽ എൻസിപിയുടെ സംസ്ഥാന നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ ഒരു നിരാശയുമില്ല.
സിപിഐ സ്ഥാനാർഥികൾക്കു വേണ്ടി എൻസിപി പ്രവർത്തകർ രംഗത്തിറങ്ങുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തോമസ് ചാണ്ടി പറഞ്ഞു. ലക്ഷദ്വീപിൽ എൻസിപി കോണ്‍ഗ്രസിനെതിരേ മത്സരിക്കുന്നത് അവിടെ ബിജെപി ദുർബലമായതുകൊണ്ടണെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.