ജോണ്സണ് വേങ്ങത്തടം
കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിയില്‍നിന്നും ജോസ് കെ. മാണി വിഭാഗത്തിനു സിപിഎം കൈമാറിയേക്കുമെന്ന സൂചനകള്‍ക്കിടെ എന്‍സിപി സംസ്ഥാന നേതൃയോഗം നിര്‍ണായകം.
കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും ഇന്നു കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ പാലാ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന ചര്‍ച്ച ഉയരും. പാലാ സീറ്റ് വിഷയത്തില്‍ തത്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് എന്‍സിപി നേതൃത്വമെങ്കിലും വിഷയം യോഗത്തില്‍ ഉന്നയിക്കപ്പെടും.
പാലാ സീറ്റിന്റെ കാര്യത്തില്‍ മാത്രമല്ല, കുട്ടനാട്, ഏലത്തൂര്‍ സീറ്റുകളില്‍ യാതൊരുവിധ വിട്ടുവീഴ്ചയും വേണ്ടെന്നാണ് എന്‍സിപിയുടെ നിലപാട്.
ഇതുവരെ എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച ആരംഭിക്കാത്തതും സിപിഎം ഇതു സംബന്ധിച്ചു അഭിപ്രായം പറയാത്തതുംമൂലം എന്‍സിപി കടുത്തനിലപാട് ഒന്നും പ്രഖ്യാപിക്കില്ല. എന്നാല്‍ പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാട് പാര്‍ട്ടി സ്വീകരിക്കും.
കുട്ടനാട് സീറ്റ് പോലും ലഭിക്കാത്ത അവസ്ഥയെ കുറിച്ചു സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ ഉന്നയിക്കും. സിപിഎം സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന സ്ഥിതിയുണ്ടെന്നും നേതാക്കള്‍ യോഗത്തില്‍ ഉന്നയിക്കും.
തോമസ് ചാണ്ടിക്കുശേഷം സ്ഥാനാര്‍ഥികള്‍ ഇല്ലെന്ന കാരണം കണ്ടെത്തി കുട്ടനാട് സീറ്റ് തട്ടിയെടുക്കുന്ന സ്ഥിതിവിശേഷമുണ്ടെന്നാണു നേതാക്കള്‍ ആരോപിക്കുന്നത്. ആലപ്പുഴ സിപിഎം നേതൃത്വത്തിന്റെ നിലപാട് യോഗത്തില്‍ ചിലര്‍ ഉന്നയിക്കും.
മുന്‍കാലങ്ങളില്‍ മാവേലിക്കര, പള്ളുരുത്തി, പേരാവൂര്‍ സീറ്റുകള്‍ തട്ടിയെടുത്തതു പോലെ കുട്ടനാട്, പാലാ സീറ്റുകള്‍ ഏകപക്ഷീയമായി സിപിഎം ഏറ്റെടുക്കുമെന്ന വികാരം പല നേതാക്കളും യോഗത്തില്‍ ഉന്നയിക്കുമെന്നറിയുന്നു.
പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് മാണി സി. കാപ്പന്. സിപിഎമ്മോ, എല്‍ഡിഎഫോ ഈ സീറ്റു സംബന്ധിച്ചു ഒന്നും തന്നെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല.
അതു കൊണ്ടുതന്നെ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കു പ്രസക്തിയില്ലെന്നാണു കാപ്പന് വാദിക്കുന്നത്. സിപിഎം പാലാ സീറ്റ് ജോസ് കെ. മാണിക്ക് കൊടുത്താല്‍ മുന്നണി വിടുമെന്ന നിലപാടുള്ള നേതാക്കളും എന്‍സിപിയില്‍ സജീവമാണ്.