ന്യൂഡൽഹി: രാജ്യത്തു കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ്. പിണറായി വിജയന്റെ കേരളത്തിനും കണക്കുകളിൽ ആശ്വസിക്കാൻ വകയില്ല. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്താണ്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട 2017-ൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമാണു യുപിയെയും കേരളത്തെയും മുൻനിരയിൽ എത്തിച്ചത്. 2017-ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 30,62,579 ആണ്. ഒന്നാം സ്ഥാനത്തുള്ള യുപിയിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 3,10,084.
മഹാരാഷ്ട്ര- 2.88 ലക്ഷം, മധ്യപ്രദേശ്- 2.69 ലക്ഷം, കേരളം- 2.35 ലക്ഷം എന്നിങ്ങനെയാണു തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ. 60.2 ശതമാനമാണു കേരളത്തിലെ ക്രൈം റേറ്റ്. പട്ടികയിൽ കേരളത്തിനു തൊട്ടുപിന്നിൽ വരുന്നതു ഡൽഹിയാണ്. ആറാം സ്ഥാനം ബിഹാറിനും ഏഴാം സ്ഥാനം ബംഗാളിനുമാണ്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്കിൽ കേരളത്തിന്റെ സ്ഥാനം പതിമൂന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആൾക്കൂട്ട കൊലപാതകങ്ങൾ സംബന്ധിച്ച കേസുകളുടെ എണ്ണം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.