പത്തനംതിട്ട: ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ച് എൻഡിഎയിൽ ആശയക്കുഴപ്പം. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് ബിജെപി നടത്തിയ അഭിപ്രായ സർവേയിൽ ഭൂരിഭാഗം ഭാരവാഹികളും കെ. സുരേന്ദ്രൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. പി. സി. ജോർജിനെ സ്ഥാനാർഥിയാക്കുന്നതിനെ ബിഡിജെഎസ് എതിർത്തു.
മറ്റ് രണ്ട് മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപിയിൽ ഇതുവരെ സ്ഥാനാർഥി നിർണയത്തിന് തീരുമാനമായില്ല. പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കുമെന്ന ഉറപ്പ് വാങ്ങിയാണ് സ്വന്തം പാർട്ടി പോലും ഇല്ലാതാക്കി പി. സി. ബിജെപിയിലേക്കെത്തിയത്. എന്നാൽ വിപരീത ഫലമാണ് പിസിയെ കാത്ത് അവിടെ ഉണ്ടായത്.
അഭിപ്രായ സർവേയും ഘടക കക്ഷികളുടെ എതിർപ്പും ജോർജിന് തടസം നിൽക്കുന്നു. കോട്ടയം സീറ്റിലേക്ക് പിസിയെ പരിഗണിക്കാമെന്ന് കരുതിയാൽ അവിടെയും തടസം ബിഡിജെഎസ് ആണ്. കോട്ടയത്ത് മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളി കച്ചകെട്ടി ഇറങ്ങുന്പോൾ പിസിയെ കളത്തിലിറക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് ഇനി പുതിയ വഴികൾ തേടേണ്ടിവരും.