ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളും വിവാദങ്ങളുമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രമുഖ ദേശീയ മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
1991 ന് ശേഷം നടന്ന ഓഹരി വിറ്റഴിക്കലില്‍ 58 ശതമാനം ഓഹരിയും വിറ്റഴിച്ചത് മോദി സര്‍ക്കാരിന്റെ ഭരണകാലത്തെന്നാണ് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഡിപാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക്ക് അസറ്റ് മാനേജ്മെന്റ് ഡി.ഐ.പി.എ.എം പുറത്തുവിട്ട ഡാറ്റ പ്രകാരം പത്തു വര്‍ഷം ഒരുമിച്ച് ഭരണത്തിലിരുന്ന(2004-2014) യു.പി.എ സര്‍ക്കാര്‍ വിറ്റഴിച്ച ഓഹരിയുടെ ഇരട്ടി വരും ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
1991ന് ശേഷം 3.63 ലക്ഷം കോടി രൂപയുടെ ഓഹരിയാണ് വിറ്റഴിച്ചത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനിയും 5 മാസം ബാക്കിയിരിക്കെ 2.1 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിച്ചത് കഴിഞ്ഞ നാലു വര്ഷത്തിനിടക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 10 വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് 33 ഡീലുകളാണ് നടത്തിയത്.
അതേ സമയം നാലു വര്‍ഷം കൊണ്ട് എന്‍.ഡി.എ നടത്തിയത് 75 ഡീലുകളാണ്. ഈ സാമ്പത്തിക വര്‍ഷം 80,000 കോടിയുടെ ഓഹരി വിറ്റഴിക്കലാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും ഇതു വരെ 15,247.11 കോടിയുടെ വിറ്റഴിക്കല്‍ മാത്രമേ നടന്നിട്ടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലക്ഷ്യം നിറവേറ്റുകയാണെങ്കില്‍ 1991 മുതലുള്ള 65 ശതമാനം ഓഹരിയും വിറ്റഴിക്കപ്പെടുക കഴിഞ്ഞ നാലു വര്‍ഷങ്ങളിലായിരിക്കും. സാമ്പത്തിക കമ്മി മറികടക്കാന്‍ സര്‍ക്കാരിന് ലഭ്യമായ എല്ലാ വരുമാനവും ആവശ്യമായി വരും. മിക്ക ഓഹരി വിറ്റഴിക്കലും നടക്കേണ്ടതു തന്നെയാണ്. നഷ്ടത്തിലോടുന്ന കമ്പനികളാണ് അധികവും.
എന്നാല്‍ ചില കമ്പനികളുടെ കാര്യം വരുമ്പോള്‍ ഇത്തരം വിറ്റഴിക്കല്‍ പ്രശ്നമാണ്’- കേന്ദ്ര സര്‍ക്കാരുമായി ബന്ധമുള്ള സാമ്പത്തിക വിദഗ്ദന് പേരു വെളിപ്പെടുത്താതെ മാധ്യമത്തോട് വെളിപ്പെടുത്തി.