തുറവൂർ: കേരളത്തിൽ എൻഡിഎ സംവിധാനം പൂർണമായും ശക്തമെന്ന് പറയാനാവില്ലെന്ന് കണ്‍വീനർ തുഷാർ വെളളാപ്പള്ളി. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ സംഘടനാ സംവിധാനം സജീവമാണ്. പക്ഷെ മറ്റ് മണ്ഡലങ്ങളിൽ ഇനിയും സജീവമാകേണ്ടതുണ്ട്. അത് ശരിയാക്കാനുള്ള ഉത്തരവാദിത്വം തനിക്കുമുണ്ട്. ഇക്കാര്യം താൻ നേരത്തെ സൂചിപ്പിച്ചതാണ്. പാലാ തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച ഇനിയും പഠിക്കണം.
താഴെ തലത്തിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ് അരൂരിൽ മത്സരിക്കാതിരുന്നതെന്നും ബിഡിജഐസ് സംസ്ഥാന പ്രസിഡൻറ് കൂടിയായ തുഷാർ പറഞ്ഞു. അരൂരിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എൻഡിഎ ഉൾപടെ എല്ലാ രാഷ്ട്രീയ കക്ഷികളും ജാതി പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. ബിഡിജഐസിന് സംസ്ഥാനത്ത് മുഴുവൻ സ്വാധീനമുണ്ട്.
അതാത് മുന്നണികളിൽ എല്ലാ ഘടകകക്ഷികളും എപ്പോഴും ഉണ്ടാകുമെന്ന് പറയാനാകില്ല. സമുദായങ്ങളെ പ്രീതിപ്പെടുത്തി കൊണ്ടാണ് ഓരോ മുന്നണികളും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. എസ്എൻഡിപി യോഗത്തിന്റെ വോട്ടുകൾ ആർക്കും നിയന്ത്രിക്കുവാൻ സാധിക്കില്ല.
എസ്എൻഡിപി യോഗത്തിന്റെ വോട്ടിന്റെ കാര്യത്തിൽ നേരിട്ട് ഇടപെടാറില്ല. എല്ലാ പാർട്ടിക്കാരും അതിലുണ്ട്. അവരുടെ വോട്ടുകൾ എല്ലാ പാർട്ടിയിലേക്കും പോകും.മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകുന്നതിൽ ബിഡിജഐസ് എതിരല്ല, പക്ഷെ പിന്നോക്ക വിഭാഗത്തിന് ലഭിക്കേണ്ടത് നഷ്ടപ്പെടാൻ പാടില്ലെന്നും തുഷാർ പറഞ്ഞു. സാമൂദായിക സംഘടനകൾ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടേണ്ടതില്ല – തുഷാർ പറഞ്ഞു.