കോല്‍ക്കത്തയില്‍ നിന്ന് ഏകദേശം 330 കിലോമീറ്റര്‍ അകലെ ഇന്ത്യ ബംഗ്ലാദേശ് ബോര്‍ഡറിന് സമീപമുള്ള മൊഹബദ്പൂര്‍ ഗ്രാമത്തില്‍ സന്ധ്യമയങ്ങിയാല്‍ പിന്നെ ഊര്‍ജ്ജസ്വലമായ ജോലികളാണ് നടക്കുന്നത്. വൃത്തിയായി പൊതിഞ്ഞ് ഇഷ്ടിക കഷണത്തിന്റെ വലിപ്പത്തിലുള്ള പാക്കറ്റുകള്‍ ബംഗ്ലാദേശ് സൈഡില്‍ നിന്ന് അതിര്‍ത്തി വേലിക്കടുത്തേക്ക് അടുപ്പിക്കുന്നവരെക്കുറിച്ചാണ് സൂചിപ്പിച്ചത്. ഇത്തരത്തില്‍ എത്തിച്ച പാക്കറ്റുകള്‍ അതിര്‍ത്തിയില്‍ കാത്തുനിന്ന യുവാവ് ഏറ്റുവാങ്ങി ഞൊടിയിടയില്‍ ബൈക്കുമെടുത്ത് പറക്കുന്നു. ഏകദേശം ഒരു കിലോമീറ്റര്‍ അകലെ കാത്തുനില്‍ക്കുന്ന മറ്റൊരു യുവാവിന്റെ കൈയിലേക്ക് വീണ്ടും ഈ പാക്കറ്റ് കൈമാറുന്നു. അരമണിക്കൂറിനുള്ളില്‍ പാക്കറ്റ് ഫറാക്ക റെയില്‍വെ സ്റ്റേഷനിലെത്തുന്നു. 24 മണിക്കൂറിനുള്ളില്‍ ഇത് ഡല്‍ഹിയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പറക്കുന്നു.
വന്‍തുകയുടെ കള്ളപ്പണമാണ് ഇത്തരത്തില്‍ റിലേ മത്സരത്തില്‍ ബാറ്റണ്‍ കൈമാറുന്നതുപോലെ കൈമാറി കൈമാറി ഇന്ത്യയിലേക്കെത്തുന്നത്. ബംഗാളിലെ മാല്‍ഡ ജില്ല കേന്ദ്രീകരിച്ചാണ് കള്ളപ്പണം കൂടുതലായും ഇന്ത്യയിലേക്കൊഴുകുന്നത്. നോട്ട് നിരോധനം വന്നതിന് ശേഷമാണ് ഉയര്‍ന്നതോതില്‍ കള്ളപ്പണം മാല്‍ഡ വഴി എത്തിതുടങ്ങിയത്. അതിന് മുമ്പ് പാക്കിസ്ഥാനില്‍ നിന്നായിരുന്നു ഇന്ത്യയിലേക്ക് നോട്ടുകള്‍ എത്തിക്കൊണ്ടിരുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പിടിക്കുന്നതിനേക്കാള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള നോട്ടുകളാണ് ഇവിടെ നിന്ന് പിടിക്കപ്പെടുന്നത്. പുതിയ 2000 നോട്ടില്‍ ചേര്‍ത്തിരിക്കുന്ന 17 സെക്യൂരിറ്റി അടയാളങ്ങളില്‍ പത്തെണ്ണവും ഇവിടെ നിന്നുള്ള കള്ളനോട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇവ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള റെയില്‍, റോഡ് യാത്രാസൗകര്യങ്ങളും ബംഗ്ലാദേശുമായുള്ള അടുപ്പവും ഉയര്‍ന്നുവരുന്ന മതമൗലിക വാദവുമാണ് ബംഗാളിലെ മാല്‍ഡ ജില്ലയെ കള്ളപ്പണത്തിന്റെ തലസ്ഥാനമായി മാറ്റിയതിന് പിന്നില്‍. രാജ്യത്ത് പിടിക്കപ്പെട്ടിട്ടുള്ള കള്ളപ്പണത്തിന്റെ 80 ശതമാനവും ഇവിടെ നിന്ന് വരുന്നതാണെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തുന്നത്.
പിന്നില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്മാര്‍ വളരെ വിരളമായെ പിടിക്കപ്പെടാറുള്ളു. പകരം ശിക്ഷിക്കപ്പെടുന്നതോ, ദൂതന്മാരായി ‘സേവനം’ ചെയ്യുന്ന പട്ടിണി പാവങ്ങളായ യുവാക്കളും. മാല്‍ഡയിലെ ഒട്ടുമിക്ക യുവാക്കളും ജോലി തേടി കേരളം, തമിഴ്‌നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്. എങ്കില്‍പോലും നല്ലൊരു ശതമാനം പേരും ഇവിടെ കള്ളനോട്ട് കൈമാറുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവരാണ്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗമെന്നാണ് ഇവിടങ്ങളിലെ മുതിര്‍ന്നവര്‍ പോലും ഈ ജോലിയെ കരുതുന്നത്. ഇക്കാരണത്താല്‍ മക്കളെ ഇതിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞുവിടുന്ന മാതാപിതാക്കളുമുണ്ട്. ഒരു ട്രിപ്പിന് 1000 മുതല്‍ 1500 രൂപ വരെ ലഭിക്കാറുണ്ട് ഇവര്‍ക്ക്. ഒരു ലക്ഷം രൂപയുടെ കള്ളനോട്ടിന് 40,000 രൂപ വരെയാണ് പ്രതിപലമായി ഡീലര്‍മാര്‍ക്ക് ലഭിച്ചിരുന്നത്. നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ ഇറങ്ങിയതോടെ ഒരു ലക്ഷം രൂപയുടെ നോട്ടിന് 60,000 മുതല്‍ 70,000 വരെ കിട്ടിതുടങ്ങി. ബംഗ്ലാദേശ് ഗവണ്‍മെന്റിന്റെ സ്റ്റാംപ് പേപ്പറാണ് പുതിയ 2000 നോട്ടിന്റെ കള്ളനോട്ടുകള്‍ അടിക്കാന്‍ ഉപയോഗിക്കുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം.