നെടുങ്കണ്ടം: രൂപമാറ്റം വരുത്തിയ ജീപ്പുമായി അമിതവേഗത്തിൽ പായുന്നതിനിടെ ഏഴുവയസുകാരനെ ഇടിച്ചുതെറിപ്പിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അമിത വേഗത്തിൽ പാഞ്ഞെത്തിയ ജീപ്പ് കുട്ടിയെ ഇടിച്ചത്. അപകടത്തിൽ കുട്ടിയുടെ ഇടതുകാൽ ഒടിഞ്ഞു. മദ്യലഹരിയിലായിരുന്ന ജീപ്പ് ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപിച്ചു.
കഴിഞ്ഞ ദിവസം രാമക്കൽമെട്ടിനുസമീപം തോവാളപ്പടിയിലാണ് സംഭവം. തോവാളപ്പടി സ്വദേശിയായ ഏഴു വയസുകാരൻ വേദപാഠം ക്ലാസ്് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.
സംഭവത്തിൽ ജീപ്പ് ഡ്രൈവറായ തൂക്കുപാലം ഓണംപള്ളിൽ രാജേഷ്(40) എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. തോവാളപ്പടിയിൽ ട്രിപ്പ് ജീപ്പിൽ വന്നിറങ്ങിയ കുട്ടി റോഡിന് എതിർവശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതി മദ്യലഹരിയിലായിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. പ്രതിക്കെതിരേ മദ്യപിച്ച് വാഹനം ഓടിക്കൽ, അശ്രദ്ധവും അപകടകരവുമായി വണ്ടിയോടിക്കൽ, വാഹനം ഇടിപ്പിച്ച് പരിക്കേൽപിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജീപ്പ് അനുവാദമില്ലാതെ മോഡിഫിക്കേഷൻ നടത്തിയതിനും മദ്യപിച്ച് വാഹനമോടിച്ചതിനും പോലീസ് മോട്ടോർ വാഹന വകുപ്പിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. വണ്ടിയുടെ രജിസ്ട്രേഷനും പ്രതിയുടെ ലൈസൻസും റദ്ദുചെയ്യുന്നതിനും പോലീസ് ശിപാർശ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.