നെടുങ്കണ്ടം: സോപ്പുപൊടി നിർമാണശാലയുടെ മറവിൽ ഏലക്കായ്ക്ക് കളർ ലഭിക്കുന്നതിനായി ചേർക്കുന്ന മിശ്രിതം തയാറാക്കുന്ന സ്ഥാപനത്തിൽ സ്പൈസസ് ബോർഡിന്റെ സ്പെഷൽ സ്ക്വാഡും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തി.
റെയ്ഡിൽ 2475 കിലോഗ്രാം സോഡിയം കാർബണേറ്റും എട്ടു വലിയ ചാക്കു നിറയെ ഒഴിഞ്ഞ കളർടിന്നുകളും പിടികൂടി. 50 ചാക്കുകളിലായാണ് സോഡിയം കാർബണേറ്റ് സൂക്ഷിച്ചിരുന്നത്.
മുണ്ടിയെരുമ ദേവഗിരിയിൽ പ്രവർത്തിക്കുന്ന ആനടിയിൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ ഇന്നലെ വൈകുന്നേരം നടത്തിയ റെയ്ഡിലാണ് രാസപദാർഥങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ദേവഗിരി സ്വദേശി അനുമോദിന് നോട്ടീസ് നൽകി.
സോപ്പുപൊടി നിർമാണശാല എന്നാണ് സ്ഥാപനം അറിയപ്പെട്ടിരുന്നത്. എന്നാൽ സോപ്പുപൊടി നിർമിക്കുന്നതിനാവശ്യമായ യന്ത്രങ്ങളോ കവറുകളോ മറ്റ് അസംസ്കൃത വസ്തുക്കളോ ഇവിടെ കണ്ടെത്താനായില്ല.
സോഡിയം കാർബണേറ്റ്, ആപ്പിൾഗ്രീൻ ഫുഡ്ഗ്രേഡ് കളർ എന്നിവ പ്രത്യേക അനുപാതത്തിൽ കൂട്ടിച്ചേർത്ത് പൊടിയായി തയാറാക്കുകയാണ് ഇവിടെ ചെയ്തിരുന്നതെന്നു പറയുന്നു.
ജില്ലയിൽ കളർപ്പൊടി ചേർത്ത ഏലക്കാ വ്യാപകമായ സാഹചര്യത്തിൽ രണ്ടുദിവസമായി സ്പൈസസ് ബോർഡും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തിവരികയായിരുന്നു.
ഇന്നലെ രാവിലെ കുത്തുങ്കലിലെ ഒരു ഏലക്കാ സ്റ്റോറിൽനിന്നും ദേവഗിരി ആനടി ഇൻഡസ്ട്രീസിൽ തയാറാക്കിയ കളർപ്പൊടി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇവിടെ പരിശോധന നടത്തിയത്.
ഏലക്കായിൽ കളർപ്പൊടി ചേർക്കുന്നതുമൂലം മനുഷ്യശരീരത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു.
റെയ്ഡിൽ സ്പൈസസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ കെ. ജഗന്നാഥൻ, അസി. ഡയറക്ടർ വി. വിജിഷ്ണ, ഭക്ഷ്യസുരക്ഷാ ഓഫീസർ ആൻമേരി ജോണ്സൻ എന്നിവർ പങ്കെടുത്തു.