നെടുങ്കണ്ടം: സിപിഎം നെടുങ്കണ്ടം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ളക്സ് വിവാദത്തിൽ. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ചിത്രമാണ് വിവാദത്തിനിടയാക്കിയത്. നെടുങ്കണ്ടം ടൗണ്‍, താന്നിമൂട് എന്നിവിടങ്ങളിലാണ് ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ക്രൂരനായ സ്വേച്ഛാധിപതിയുടെ ഫ്ളക്സ് ബോർഡുകൾ സമ്മേളന പ്രചരണാർഥം സ്ഥാപിച്ചിരിക്കുന്നത്.
ലോക കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ പലസ്ഥലത്തും പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും കിം ജോങ് ഉന്നിന്റെ ചിത്രമാണ് ഇപ്പോൾ സംസാരവിഷയമായിരിക്കുന്നത്. സ്വന്തം കുടുംബാംഗങ്ങളെപോലും ക്രൂരമായി കൊലചെയ്തയാളുടെ ചിത്രം സമ്മേളനത്തിന്റെ പ്രചരണാർഥം സ്ഥാപിച്ചത് പാർട്ടി പ്രവർത്തകർക്കിടയിലും സമ്മേളന പ്രതിനിധികൾക്കിടയിലും കടുത്ത അമർഷത്തിനു കാരണമായിട്ടുണ്ട്.
അതേസമയം ഏരിയാ പ്രതിനിധി സമ്മേളനം നടക്കുന്ന സ്ഥലത്ത് മൊബൈൽ ഫോണുകൾ വിലക്കിയും മറ്റും സമ്മേളന വിവരങ്ങൾ ചോരുന്നത് തടയാനും നടപടി സ്വീകരിച്ചിട്ടുണ്ട്.