നെടുങ്കണ്ടം: പലചരക്ക് കടയിൽ സാധനം വാങ്ങാൻപോയ സിവിൽ പോലീസ് ഓഫീസറുടെ മകനെ കന്പംമെട്ട് സിഐ മർദിച്ചതായി പരാതി.
പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നുള്ള മുഖ്യമന്ത്രിയുടെ നിർദേശം നിലനിൽക്കെയാണ് പുറത്തിറങ്ങിയെന്നാരോപിച്ച് സിഐ കൗമാരക്കാരന്റെ ഇടതു കൈപ്പത്തി തല്ലിയൊടിച്ചത്.
ലാത്തികൊണ്ടുള്ള അടിയിൽ വിദ്യാർഥിയുടെ പോക്കറ്റിൽകിടന്ന മൊബൈൽ ഫോണും തകർന്നു. ദേഹമാസകലം പരിക്കേറ്റ തേർഡ്ക്യാന്പ് മേച്ചേരാത്ത് ജിബിനെ(17) നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.30-ഓടെ ബാലഗ്രാമിനുസമീപം തേർഡ്ക്യാന്പിലാണ് സംഭവം. നെടുങ്കണ്ടം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ജോസിന്റെ മകനാണ് ജിബിൻ.
ജോസിന് ഡ്യൂട്ടിയുള്ളതിനാൽ സാധനം വാങ്ങാനായി വീട്ടിൽനിന്നും ജിബിനെ പറഞ്ഞയയ്ക്കുകയായിരുന്നു. മുഖാവരണം ധരിച്ച് തനിച്ച് കടയിലേക്ക് നടന്നുപോകുന്പോൾ അതുവഴിയെത്തിയ കന്പംമെട്ട് സിഐ സുനിൽകുമാറും സംഘവും ജിബിനെ തടഞ്ഞുനിർത്തി ചോദ്യംചെയ്തു.
കടയിലേക്ക് പോവുകയാണെന്നു പറഞ്ഞ് സാധനങ്ങളുടെ ലിസ്റ്റും പണവും കാട്ടിയപ്പോൾ കള്ളം പറയുകയാണെന്ന് പറഞ്ഞ് ആദ്യം ലാത്തിക്ക് തുടയിൽ അടിച്ചെന്ന് ജിബിൻ പറഞ്ഞു.
തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ രണ്ടു കൈകളിലും ഇടത്തെ കാലിന്റെ മുട്ടിനുതാഴെയും സിഐ വീണ്ടും അടിച്ചു. തുടർന്ന് അസഭ്യംപറഞ്ഞ് വീട്ടിലേക്ക് ഓടാൻ ആക്രോശിച്ചശേഷം സിഐ ജീപ്പിൽ കയറി പോയതായും ജിബിൻ പറഞ്ഞു.
ലാത്തിയടിയേറ്റ് അവശതയിലായ ജിബിനെ നെടുങ്കണ്ടത്തുനിന്നും പിതാവ് ജോസ് എത്തിയാണ് താലൂക്കാശുപത്രിയിൽ എത്തിച്ചത്. ഡോക്ടർ നടത്തിയ പരിശോധനയിൽ ഇടത് കൈപ്പത്തിക്ക് പൊട്ടലുള്ളതായി കണ്ടെത്തി. കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിയതിനുശേഷം വിശ്രമം നിർദേശിച്ച് വീട്ടിലേക്കയച്ചു.
കന്പംമെട്ട് സ്റ്റേഷന്റെ പരിധിക്കുപുറത്താണ് സംഭവം. സംഭവം ഒതുക്കിതീർക്കാൻ പോലീസുകാരനുമേൽ സമ്മർദമുണ്ടെന്നാണ് വിവരം. സംഭവത്തിൽ ഉന്നത പോലീസ് അധികാരികൾക്കും മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കും പരാതി നൽകുമെന്നും ജിബിൻ പറഞ്ഞു.
എന്നാൽ കൗമാരക്കാരനെ മർദിച്ചതായുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് കന്പംമെട്ട് സിഐ ജി. സുനിൽകുമാർ പറഞ്ഞു. ഇന്നലെ ജിബിൻ വഴിയേ നടന്നുപോകുന്നതു കണ്ടപ്പോൾ എവിടെ പോയി എന്നുമാത്രമാണ് ചോദിച്ചത്.
2000 രൂപയുടെ ചില്ലറ മാറാൻ ഇറങ്ങിയതാണെന്ന് ജിബിൻ പറഞ്ഞു. തുടർന്ന് ജിബിൻ പോകുകയും ചെയ്തു. ഇതിനുശേഷം എന്തുസംഭവിച്ചു എന്നറിയില്ലെന്നും സുനിൽകുമാർ പറയുന്നു.