നെടുങ്കണ്ടം: കടൽ കടന്ന് ജർമൻ സ്വദേശിനി പാന്പാടുംപാറയിൽ. കളരി, യോഗ എന്നിവയിലെ സാധ്യതകൾ പഠിക്കുന്നതിനായാണ് ജർമൻ സ്വദേശിനി അന്ന സോഫിയ പാന്പാടുംപാറ ഗുരുമംഗലം സിവിഎൻ കളരിയിൽ എത്തിയത്.
വിദേശ രാജ്യങ്ങളിൽ കളരിപ്പയറ്റിനും യോഗാസനമുറകൾക്കും പ്രചാരം വർധിച്ചുവരികയാണ്. ആരോഗ്യസംരക്ഷണ രംഗത്തെ പാരന്പര്യ രീതികൾക്ക് വിദേശികൾ ഇപ്പോൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ജർമനിയിൽ യോഗ സ്കൂൾ നടത്തിവരികയാണ് അന്ന സോഫിയ.
കളരിപ്പയറ്റിൽ ശരീരശാസ്ത്രമായ ഷഢാധാരവും യോഗാസനത്തിലെ അഷ്ടാംഗയോഗവും കളരിമുറയിലെ അഷ്ടവടിവുകളും തമ്മിൽ ബന്ധമുണ്ട്.
ഇതിനേക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായാണ് ഇവർ എത്തിയത്. യോഗാസന മുറകളും കളരിപ്പയറ്റിലെ മെയ്യഭ്യാസമുറകളും ചേർത്തുകൊണ്ട് യോഗാസന രീതികളിൽ സമഗ്രമായ പുത്തൻ രീതികൾ അവലംബിക്കുക എന്നതാണ് കേരളത്തിലെത്താൻ കാരണം.
ഹിമാലയത്തിലെ ഋഷികേശിൽനിന്നും ഇവർ യോഗാസന മുറകളിൽ ഒരുവർഷം പരിശീലനം നടത്തിയിരുന്നു. പാന്പാടുംപാറ ഗുരുമംഗലം സി.വി.എൻ കളരിയിൽ ഒരാഴ്ച നീണ്ടുനിന്ന പരിശീലനമാണ് നടത്തിയത്.
കളരി -യോഗ പരിശീലനത്തിന് ജി.കെ. രാജശേഖരൻ ഗുരുക്കൾ, സീനിയർ വിദ്യാർഥികളായ ശങ്കർരാജ്, ശരവണ്രാജ് എന്നിവർ നേതൃത്വംനൽകി.