നെടുങ്കണ്ടം: കുടിവെള്ള പദ്ധതിയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം. ജലവിതരണ പൈപ്പുകളിൽ മെറ്റൽ കയറ്റിവിട്ടതായി പരാതി. ഇതോടെ പ്രദേശത്ത് നൂറോളം കുടുംബങ്ങളുടെ വെള്ളംകുടി മുട്ടി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിലാണ് സംഭവം.
കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് ശുദ്ധജല വിതരണം മുടങ്ങിയിരുന്നു. ടാങ്കിൽ വെള്ളം നിറച്ചിട്ടും പൈപ്പിലൂടെ ജലവിതരണം നടക്കാതെ വന്നതോടെ പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് ജലവിതരണ പൈപ്പുകളിലൂടെ മെറ്റലുകൾ കയറ്റിവിട്ടിരിക്കുന്നതായി കണ്ടെത്തിയത്. ഇതോടെയാണ് കനകപ്പാറ ശുദ്ധജല പദ്ധതിയിലെ ജലവിതരണം പൂർണമായി തടസപ്പെട്ടത്.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരത്തിന്റെ വാർഡിലാണ് സംഭവം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് നെടുങ്കണ്ടം പോലീസിൽ പരാതിനൽകി. സമുഹ്യവിരുദ്ധ സംഘമാണ് പൈപ്പ് ലൈനുകളിലൂടെ മെറ്റലുകൾ കയറ്റിവിട്ടതെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞവർഷമാണ് ഗ്രാമപഞ്ചായത്ത് ഒരുകോടി രൂപ മുടക്കി പൊന്നാങ്കാണി, കോന്പയാർ, കനകപ്പാറ, വാസുക്കുട്ടൻപാറ, പള്ളിക്കാട്, മത്തായിക്കട, മൂന്നുമുക്ക് എന്നിവിടങ്ങളിൽ ശുദ്ധജലവിതരണത്തിനായി പദ്ധതി ആവിഷ്കരിച്ചത്. മേഖലയിൽ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന കുടുംബങ്ങൾക്ക് വെള്ളം വിതരണംചെയ്യുന്നതിനായി രണ്ടു ടാങ്കുകളടക്കം നിർമിച്ചുനൽകിയിരുന്നു. സംഭവത്തേക്കുറിച്ച് നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു.