നെടുങ്കണ്ടം: മനസിന്റെ നിശ്ചയദാർഢ്യത്തിനുമുന്പിൽ നിഷാന്തിന് ശാരീരിക അവശത വഴിമാറും. നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും വർണങ്ങൾകൊണ്ട് നിറക്കൂട്ടുകൾ ചാർത്തി വിധിയെ തോൽപിക്കുകയാണ് ഈ ചെറുപ്പക്കാരൻ. മൂന്നര വർഷംമുന്പാണ് വിധി നിഷാന്തിന്റെ ജീവിതത്തിൽ വില്ലനായി എത്തിയത്. കുമളിയിൽ പെയിന്റിംഗ് ജോലിക്കിടെ നാലുനില കെട്ടിടത്തിനു മുകളിൽനിന്ന് ഈ ചെറുപ്പക്കാരൻ താഴേക്ക് പതിച്ചു. ഇതോടെ നിഷാന്തിന്റെ നട്ടെല്ലിന് ക്ഷതമേൽക്കുകയും അരയ്ക്ക് താഴേക്കുള്ള ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു.
എന്നാൽ ഈ ചെറുപ്പക്കാരന്റെ നിശ്ചയദാർഢ്യത്തെ തകർക്കാൻ വിധിക്കാകുമായിരുന്നില്ല. നിറക്കൂട്ടുകൾക്കിടയിൽ തന്റേതായ ഒരു ലോകം സൃഷ്ടിച്ചിരിക്കുകയാണ് ഈ മുപ്പതുകാരൻ. പെൻസിൽ ഡ്രോയിംഗിൽ അതീവ തത്പരനായ നിഷാന്ത് ഇതുവരെ വരച്ചത് 350-ൽപരം ചിത്രങ്ങൾ. മലനാടിന്റെ സ്വന്തം മണിയാശാനും ക്രിക്കറ്റ് ഇതിഹാസം സച്ചിനും മോഹൻലാലും മമ്മൂട്ടിയും ജഗതിയും മഞ്ജു വാര്യരും തുടങ്ങി നിഷാന്ത് വരച്ച പ്രശസ്തരുടെ നിര നീളുന്നു. മഹിഷ്മതി രാജ്യത്തിന്റെ അധിപൻ ബാഹുബലിയും റാണി ദേവസേനയുമൊക്കെ ജീവസുറ്റ ചിത്രങ്ങളായി പുനരവതരിച്ചിരിക്കുന്നു.
അപകടത്തെതുടർന്ന് ദീർഘനാളത്തെ ചികിത്സയിലായിരുന്നു നിഷാന്ത്. ചികിത്സയ്ക്കായി ഇതുവരെ 10 ലക്ഷത്തോളം രൂപ ഈ നിർധന കുടുംബം ചെലവഴിച്ചു. നിലവിൽ വാക്കറിന്റെ സഹായത്തോടെ അല്പം നടക്കാവുന്ന സ്ഥിതിയിലായെങ്കിലും നട്ടെല്ലിനേറ്റ ക്ഷതംമൂലം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഈ ചെറുപ്പക്കാരന് സാധിച്ചിട്ടില്ല. അപകടം നടന്നതോടെ കുടുംബത്തിന്റെ വരുമാനമാർഗം കൂടിയാണ് ഇല്ലാതായത്.
പിതാവിന്റെ കൂലിപ്പണിയാണ് കുടുംബത്തിന്റെ നിത്യചെലവുകൾക്കും നിഷാന്തിന്റെ ചികിത്സയ്ക്കുമായുള്ള ഏക വരുമാനമാർഗം. തൂക്കുപാലം പുത്തരിക്കണ്ടം ബ്ലോക്ക് നന്പർ 479-ൽ അച്ചൻകുഞ്ഞ് – ഇന്ദിര ദന്പതികളുടെ മകനാണ് ഈ അനുഗൃഹീത കലാകാരൻ. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നിഷാന്തിന് ചിത്രരചന അഭ്യസിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാന്പത്തിക പരാധീനതകൾമൂലം സാധിച്ചില്ല.
സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ചെറുപ്രായത്തിൽതന്നെ പെയിന്റിംഗ് ജോലികൾക്ക് പോയി കുടുംബത്തിന് താങ്ങായിരുന്ന അവസ്ഥയിലാണ് അപകടം ദുരന്തമായി എത്തുന്നത്. അപകടത്തോടെ നിറക്കൂട്ടുകളുടെ ലോകത്തേക്ക് കൂടുതൽ അടുക്കുകയായിരുന്നു. പെൻസിൽ ഡ്രോയിംഗ് രംഗത്തെ വിവിധ രീതികൾ സ്വന്തം പരിശ്രമംകൊണ്ട് ഈ മിടുക്കൻ സ്വായത്തമാക്കി.
ഇപ്പോൾ നിരവധിയാളുകൾ നിഷാന്തിന്റെ ജീവസുറ്റ ചിത്രങ്ങൾ തേടി എത്തുന്നുണ്ട്. ചിത്രങ്ങളിലൂടെ ചെറിയൊരു വരുമാനവും കുടുംബത്തിനായി നൽകുവാൻ ഈ യുവാവിന് കഴിയുന്നു. ചിത്രരചനയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തി വിധിയെ നിറക്കൂട്ടുകൾകൊണ്ട് തോൽപിക്കാനാണ് ഈ ചെറുപ്പക്കാരന്റെ ആഗ്രഹം.