നെടുങ്കണ്ടം: യുവതിയെ പടുതാക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കവുന്തി തുണ്ടത്തിൽ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായ (22)യെയാണ് സമീപവാസിയുടെ പടുതാക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പോസ്റ്റുമോർട്ടത്തിൽ ഉണ്ണിമായയുടെ തലയ്ക്ക് മുറിവേറ്റതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ നെടുങ്കണ്ടം പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെത്തിയ പടുതാക്കുളത്തിലെ വെള്ളം വറ്റിച്ച് പോലീസ് പരിശോധന നടത്തി. നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറന്പിൽ, എസ്ഐ എൻ. സുമതി എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ പന്പുപയോഗിച്ച് വെള്ളംവറ്റിച്ച് പരിശോധന നടത്തിയത്.
തിങ്കളാഴ്ച രാത്രി പത്തോടെ ഉണ്ണിമായയെ വീട്ടിൽനിന്നും കാണാതാകുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരുംചേർന്ന് നടത്തിയ പരിശോധനയിൽ രാത്രി 11.45-ഓടെ പടുതാക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നെടുങ്കണ്ടം ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്നാണ് യുവതിയെ പുറത്തെടുത്തത്. യുവതിയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.