നെടുങ്കണ്ടം: വിധവകളായ അമ്മയും മകളും അടങ്ങുന്ന കുടുംബത്തെ ഭവനപദ്ധതിയിൽ ഉൾപ്പെടുത്താൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ ചേന്പളം 18-ാം വാർഡിൽ താമസിക്കുന്ന പാലയ്ക്കൽ ശോഭയുടെ കുടുംബത്തോടാണ് അവഗണന.
ശോഭയും മാതാവും വിധവകളാണ്. 70 വയസുള്ള മാതാവും 11 വയസുള്ള മകനും അടങ്ങുന്ന കുടുംബം നിത്യവൃത്തി കഴിയുന്നത് ശോഭ കൂലിപ്പണിചെയ്ത് ലഭിക്കുന്ന വരുമാനത്തിലാണ്. നാല്പത് വർഷത്തോളംമുൻപ് മണ്കട്ട ഉപയോഗിച്ച് നിർമിച്ച വീട്ടിലാണ് ഇവരുടെ താമസം.
ഈ വീട് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അടച്ചുറപ്പുള്ള വാതിലുകളോ ജനാലകളോ ഈ വീടിനില്ല. ഭിത്തികൾ വിണ്ടു കീറിയും ദ്രവിച്ച അവസ്ഥയിലുമാണ്. ഭിത്തി ദുർബലാവസ്ഥയിലായതോടെ മരക്കഷണങ്ങൾ ഉപയോഗിച്ച് തൂണുകൾ നാട്ടിയാണ് മേൽക്കൂര താങ്ങിനിർത്തിയിരിക്കുന്നത്. അടുക്കള ഭാഗത്തിന് യാതൊരു അടച്ചുറപ്പുമില്ല. ചെറിയൊരു മഴയിൽപോലും നിലംപൊത്താവുന്ന അവസ്ഥയിലാണ് വീട്.
വർഷങ്ങളായി പഞ്ചായത്തിന്റെ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വാസയോഗ്യമായ വീട് നിർമിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ അപേക്ഷ നൽകാറുണ്ടങ്കിലും ഇതുവരേയും പരിഗണിച്ചിട്ടില്ല. അമ്മയും മകളും വിധവകളാണെന്ന പരിഗണനപോലും നൽകിയിട്ടില്ല.
ഉപജീവനത്തിനായി കാലിവളർത്തലും നടത്തുന്നുണ്ടെങ്കിലും ഒരു തൊഴുത്തുപോലും അനുവദിച്ചുനൽകാൻ അധികൃതർ തയാറായിട്ടില്ല. വിവിധ ഭവനപദ്ധതികളിൽ അനർഹരായ പലരും ഉൾപ്പെടുന്പോഴും ഏതുനിമിഷവും തകരാവുന്ന വീട്ടിൽ കഴിയുന്ന ഈ നിർധന കുടുംബത്തെ പരിഗണിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.