നെടുങ്കണ്ടം: നൻമയുള്ളവരുടെ കരുണ വേണം സുമിക്ക് ജീവിതത്തിലേക്ക് തിരികെ എത്താൻ. ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലാണ് നെടുങ്കണ്ടം കൂട്ടാർ സ്വദേശിയായ മതിയത്ത് സുമിമോൾ(31).
വൃക്ക ദാനംചെയ്യാൻ ബന്ധുക്കൾ തയാറാണെങ്കിലും ഭീമമായ ചികിത്സാചെലവ് എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് ഈ നിർധന കുടുംബം.
കൂലിവേല ചെയ്ത് ഭർത്താവിനൊപ്പം കുടുംബത്തിന് കൈത്താങ്ങായിരുന്നു സുമിമോൾ.
ഒരുമാസം മുൻപ് ചില ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്.
അടിയന്തരമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാൽ മാത്രമേ സുമിമോളെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാകൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയിരിക്കുകയാണ്.
ഡയാലിസിസിനും വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുമായി എറണാകുളം ലിസി ഹോസ്പിറ്റിലിലേക്ക് ഇവരെ മാറ്റി. എന്നാൽ ചികിത്സയ്്ക്കാവശ്യമായ തുക കണ്ടെത്താൻ ഇവർക്കായിട്ടില്ല.
ഏഴും എട്ടും വയസുള്ള രണ്ടു പെണ്മക്കളാണ് ഇവർക്കുള്ളത്. ഭർത്താവ് അനൂപിന്റെ മാതാപിതാക്കളും ഭിന്നശേഷിക്കാരിയായ സഹോദരിയും ഇവരുടെ സംരക്ഷണയിലാണ് കഴിയുന്നത്.